Health

നെല്ലിക്ക ജ്യൂസ് കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

ദിവസേന ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് പതിവാക്കിയാല്‍ അതുതരുന്ന ആരോഗ്യഗുണം ചില്ലറയൊന്നുമല്ല. ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും ഉതകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ കുറച്ച് ഹൃദ്രോഗങ്ങളെ അകറ്റാന്‍ നെല്ലിക്ക സഹായിക്കും. ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ആസ്ത്മ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. ഗ്യാസ്ട്രിക് പ്രശ്‌നം, ദഹന പ്രക്രിയയെ സഹായിക്കല്‍ തുടങ്ങിയവയും നെല്ലിക്കയുടെ ഗുണങ്ങളായി എണ്ണിയെടുക്കാം.

രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും. നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാല്‍ ചീത്ത കൊളസ്ട്രോളിന്റെ ലെവല്‍ കുറക്കുകയും നല്ല കൊളസ്ട്രോള്‍ ലെവല്‍ ഉയര്‍ത്തുകയും ചെയ്യും. നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.

ചൂടുകാലത്ത് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും. നെല്ലിക്കയിലുള്ള മെഡിസിനല്‍, തെറാപ്പി ഗുണങ്ങള്‍ പനി, ജലദോഷം പോലുള്ള രോഗങ്ങള്‍ ശമിപ്പിക്കാന്‍ ഉത്തമമാണ്. നെല്ലിക്കാ ജ്യൂസ് നിരന്തരം കുടിക്കുന്നതു വഴി കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയാന്‍ ഉത്തമമാണ്.