ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒരു അടിപൊളി വിഭവമാണ് വട്ടയപ്പം. ക്രിസ്തുമസ് കാലങ്ങളിലാണ് കൂടുതലായും വട്ടയപ്പം തയ്യാറാക്കാറുള്ളത്. വട്ടയപ്പം തയ്യാറാക്കുമ്പോൾ എപ്പോഴും ഉണ്ടാകുന്ന പരാതികളാണ് സോഫ്റ്റായില്ല അപ്പം പൊങ്ങിവന്നില്ല എന്നിങ്ങനെ. എന്നാൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് എളുപ്പത്തിൽ നമുക്ക് വട്ടയപ്പം തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
പച്ചരി – രണ്ട് കപ്പ്
ചൊവ്വരി – ഒരു ടേബിൾ സ്പൂൺ
വെള്ള അവൽ – കാൽ കപ്പ്
യീസ്റ്റ്
പഞ്ചസാര
തേങ്ങ ചിരകിയത് – 3/4 കപ്പ്
ഏലക്ക – മൂന്ന്
തയ്യാറാക്കുന്ന രീതി
പച്ചരി നല്ലതുപോലെ കഴുകിയശേഷം എട്ട് മണിക്കൂർ നേരം വെള്ളത്തിൽ ഇട്ട് കുതിർത്തെടുക്കുക. അതോടൊപ്പം തന്നെ ചൊവ്വരി കൂടി കഴുകി വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. അരി നല്ലതുപോലെ കുതിർന്നു വന്ന് കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇടുക. അതോടൊപ്പം തന്നെ അവൽ , കുതിർത്തു വെച്ച ചൊവ്വരി, തേങ്ങ, ഏലക്ക, പഞ്ചസാര എന്നിവയും ആവശ്യത്തിന് വെള്ളവും ചേർക്കണം. നല്ല പേസ്റ്റ് രൂപത്തിൽ വേണം അരച്ചെടുക്കാൻ. ഇതിൽ നിന്നും ഒരു കരണ്ടി അളവിൽ മാവെടുത്ത് മറ്റൊരു പാത്രത്തിൽ ഒഴിച്ച് അതിൽ കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി കുറുക്കി പാവ് കാച്ചിഎടുക്കുക. ഈയൊരു കൂട്ടുകൂടി മാവിലേക്ക് ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. അതോടൊപ്പം തന്നെ യീസ്റ്റ് കൂടി ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളും ചേർത്ത് നല്ലതുപോലെ മാവ് അരച്ച് മിക്സ് ചെയ്തെടുത്തുകഴിഞ്ഞാൽ മാവ് പൊങ്ങിവരാനായി മറ്റൊരു പാത്രത്തിൽ അടച്ചുവെക്കുക. കുറഞ്ഞത് എട്ട് മണിക്കൂർ നേരമെങ്കിലും ഫെർമെന്റ് ചെയ്താൽ മാത്രമാണ് സോഫ്റ്റ് ആയ അപ്പം കിട്ടുകയുള്ളൂ. ഫെർമെന്റ് ചെയ്തെടുത്ത മാവ് ഒരു കരണ്ടിയളവിൽ പ്ലേറ്റിലേക്ക് ഒഴിച്ച് ആവി കയറ്റി എടുത്താൽ നല്ല സോഫ്റ്റ് ആയ വട്ടയപ്പം റെഡിയായി.