സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ അധ്യാപികമാരുടെ ഒഴിവുകളുണ്ടെന്ന് അറിയിച്ച് ഒ.എല്‍.എക്സിലൂടെ പരസ്യം നല്‍കി പണം തട്ടിച്ച കേസിലെ പ്രതിയെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. പത്തനാപുരം സ്വദേശി ജോണ്‍ വര്‍ഗീസിനെയാണ് അറസ്റ്റുചെയ്തത്. അഭിമുഖത്തിന് പങ്കെടുക്കുന്നതിന് ഏജന്റിന് ഫീസ് നല്‍കണം എന്നുപറഞ്ഞായിരുന്നു ഇയാള്‍ സ്ത്രീകളില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇത്തരത്തില്‍ സംസ്ഥാനത്തെ നിരവധി പേരില്‍ നിന്നുമാണ് ഇയാൾ പണം തട്ടിയെടുത്തിരുന്നത്. ഇത്തരത്തിൽ ഗോകുല്‍ രാജ് എന്നയാളുടെ ഭാര്യയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്ത കേസിലാണ് ഇയാള്‍ പിടിയിലായത്.
500 മുതല്‍ 1000 രൂപവരൊണ് ഫീസിനത്തില്‍ വാങ്ങിയിരുന്നത്. ഗൂഗിള്‍ പേയിലൂടെയാണ് പണം സ്വീകരിച്ചിരുന്നത്. ഫീസിനുളള പണം കൈപ്പറ്റുന്നതിനായി പണം നല്‍കുന്നവരോട് തന്റെ പേഴ്സ് കളഞ്ഞുപോയെന്നും താന്‍ പറയുന്ന നമ്പറിലേയ്ക്ക് പണമിട്ടാല്‍ മതിയെന്നുമാണ് പറയുന്നത്. ശേഷം ഏതെങ്കിലും പച്ചക്കറി കടകളിലോ പ്രമുഖ സ്റ്റോറുകളിലോ എത്തി തനിക്ക് ഒരാള്‍ പണമയക്കുന്നുണ്ടെന്നും തന്റെ ഫോണില്‍ സൗകര്യമില്ല. ഇവിടത്തെ ക്യൂ ആര്‍ കോഡ് തന്നുസഹായിക്കാനും ആവശ്യപ്പെടും.തുടര്‍ന്ന് വാട്‌സ്ആപ്പില്‍ കോഡ് അയച്ച് നല്‍കിയാണ് പണം വാങ്ങിയത്. ചെറിയതുകയായതിനാല്‍ മിക്ക കടക്കാരും കോഡ് നല്‍കിയിരുന്നു പണം കിട്ടിയതിനുശേഷം നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് ഫോര്‍ട്ട് എസ്.എച്ച്.ഒ. ശിവകുമാര്‍ പറഞ്ഞു.
ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തകരപറമ്പിലെ കടയിലെ ക്യൂആര്‍ കോഡ് നല്‍കി പണം വാങ്ങാന്‍ ശ്രമിക്കവെയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ നൂറുകണക്കിനുപേരെ ഇയാള്‍ കബളിപ്പിച്ച് പണം തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
STORY HIGHLIGHT: man arrested in job vacancy scam