India

ബാബാ സിദ്ദിഖി വധക്കേസ്; പ്രതികളെ സാമ്പത്തികമായി സഹായിച്ചയാൾ അറസ്റ്റിൽ – baba siddique murder investigation alleged financier arrested

ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയ ആളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരിൽ നിന്നാണ് സുമിത് ദിനകർ വാഗ് എന്നയാളെ അറസ്റ്റ് ചെയ്തത്. കേസിലെ 26-ാമത്തെ അറസ്റ്റാണിത്. അന്വേഷണവുമായി ബന്ധപ്പെട്ട് നാഗ്പൂരിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘം പനജ് സ്വദേശി സുമിത് ദിനകർ വാഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഉടൻ മുംബൈയിലേക്ക് എത്തിക്കും.

നേരത്തെ കേസിൽ അറസ്റ്റിലായ പ്രതി ഗുർനൈൽ സിങ്ങിന്റെ സഹോദരൻ നരേഷ്കുമാർ സിങ്ങിനും രൂപേഷ് മൊഹോൾ, ഹരീഷ്കുമാർ എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികൾക്കും പണം കൈമാറിയത് സുമിത് ദിനകർ വാഗ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അറസ്റ്റിലായ മറ്റൊരു പ്രതിയായ സൽമാൻ വോറയുടെ പേരിൽ റജിസ്റ്റർ ചെയ്ത പുതിയ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് ബാങ്കിങ് വഴിയാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്.

ഒക്‌ടോബർ 12നാണ് എൻസിപി നേതാവ് ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. മകന്റെ ഓഫീസിൽ നിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കവെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പിടിയിലായവർ തങ്ങൾ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതിൽ ബിഷ്‌ണോയ് സംഘത്തിന്റെ പങ്കിനെ കുറിച്ചും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

STORY HIGHLIGHT: baba siddique murder investigation alleged financier arrested