കണ്ണൂർ കരിവെള്ളൂരിൽ വനിതാ പോലീസ് കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് രാജേഷിന്‍റെ മൊഴിയെടുത്തു. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെയാണ് കഴിഞ്ഞദിവസം ഭർത്താവ് രാജേഷ് വെട്ടിക്കൊന്നത്. ദിവ്യശ്രീയെ കൊലപ്പെടുത്താനുള്ള കാരണവും രാജേഷ് പോലീസിന് നൽകിയ മൊഴിയിലൂടെ വിശദീകരിച്ചു. ദിവ്യശ്രീ വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരുന്നു. കോടതിയിലെ കൗൺസിലിങ്ങിനിടെ പീഡന വിവരം തുറന്ന് പറഞ്ഞതാണ് ഭാര്യയെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് രാജേഷ് നൽകിയ മൊഴി.
മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും പതിവാക്കിയ ഭർത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്ന് ദിവ്യശ്രീ വിവാഹമോചന കൗൺസിലിങ്ങിൽ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ താൻ കൗൺസിലിങ്ങിന് ശേഷം വീട്ടിലെത്തിയ ഭാര്യയെ മുറ്റത്ത് വച്ച് വെട്ടുകയായിരുന്നുവെന്നും മൊഴി നൽകി.
കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവായ രാജേഷിനെ പുതിയതെരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. മുഖത്തും കഴുത്തിനും വെട്ടേറ്റ ദിവ്യ ശ്രീ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛനെയും രാജേഷ് ആക്രമിച്ചു. ദിവ്യശ്രീയും ഭർത്താവും അകന്നാണ് കഴിയിഞ്ഞിരുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് രാജേഷ് കരിവെള്ളൂരിലെ ദിവ്യശ്രീയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ദിവ്യശ്രീയുടെ സംസ്കാരം നാളെ രാവിലെ കരിവെള്ളൂരിൽ വീട്ടുവളപ്പിൽ നടക്കും. വയറിനും കൈയ്ക്കും സാരമായി പരിക്കേറ്റ ദിവ്യശ്രീയുടെ അച്ഛൻ വാസു പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
STORY HIGHLIGHT : kannur police officer divyasree murder case