Kerala

വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 10,000 കടന്നു; ചേലക്കരയിൽ പ്രദീപ് മുന്നേറുന്നു, പാലക്കാട് ബിജെപി

തിരുവനന്തപുരം: വോട്ടെണ്ണൽ ആരംഭിച്ച് ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ പാലക്കാട് ബിജെപിയും ചേലക്കരയില്‍ സിപിഎമ്മും വയനാട്ടില്‍ യുഡിഎഫുമാണ് മുന്നിട്ട് നില്‍ക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ലീഡ് പതിനായിരം കടന്നു. പാലക്കാട് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറാണ് ലീഡ് ചെയ്യുന്നത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനാണ് ലീഡ്. സി.കൃഷ്ണകുമാർ 160 വോട്ടിനും യു.ആർ.പ്രദീപ് 62 വോട്ടിനും മുന്നിലാണ്.

മൂന്ന് മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? ഡോ.പി. സരിനിലൂടെ എൽഡിഎഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയിൽ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണ്.

ചേലക്കര നിലനിർത്തുക എൽഡിഎഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാൽ സർക്കാർ പല ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വരും. വയനാട്ടിൽ യുഡിഎഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതിലാണ് കണക്കൂട്ടലുകൾ.