Kerala

ചേലക്കരയിൽ യു.ആർ പ്രദീപിന് ജയം

ചേലക്കരയിൽ വോട്ടെണ്ണൽ പൂർത്തിയായതോടെ എൽ ഡി എഫ് സ്ഥാനാർഥി യു.ആർ പ്രദീപ് വിജയിച്ചു. 12122 വോട്ട് ലീഡിനാണ് ജയം. ഇടതുപക്ഷം രണ്ടരപതിറ്റാണ്ട് കുത്തകയാക്കിയ ചേലക്കരയില്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസും ഉയര്‍ത്തിയ തന്ത്രങ്ങളെയെല്ലാം തകര്‍ത്താണ്, ഇടതുപക്ഷ സ്ഥാനാർത്ഥി യു.ആര്‍ പ്രദീപ് മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടായിരുന്നു പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചില്ല. ഇപ്പോൾ ലഭിച്ചിട്ടുള്ള കണക്കുപ്രകാരം 64,259 വോട്ടാണ് യു ആര്‍ പ്രദീപിന് ലഭിച്ചത്. രമ്യ ഹരിദാസിന് 52137 വോട്ടുകൾ ലഭിച്ചു. ചേലക്കരയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണൻ 33354 വോട്ടുകൾ നേടിയിട്ടുണ്ട്. പി വി അൻവറിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ എൻ കെയ്ക്ക് 3909 വോട്ട് മാത്രമാണ് സ്വന്തമാക്കാനായത്.

ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. ബാലകൃഷ്ണനിലൂടെ ബിജെപിക്ക് മണ്ഡലത്തില്‍ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 24,045 വോട്ടുകളാണ് 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാൻ കഴിഞ്ഞിരുന്നത്.