ബി.ജെ.പി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നത് അരക്കിട്ടുറപ്പിച്ചതായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ‘സന്ദീപ് വാര്യർ വന്നതുകൊണ്ട് ആർ.എസ്.എസ് കുറേക്കൂടി ശക്തമായി പ്രവർത്തിച്ചുവെന്നും കോൺഗ്രസിന് നഷ്ടമാകുമെന്നും പ്രചാരണം ഉണ്ടായിട്ടുണ്ട്. എന്നാൽ, വോട്ടൊന്നും നഷ്ടമായിട്ടില്ല. സന്ദീപ് വന്നു എന്ന മെച്ചമുണ്ടായിട്ടുണ്ട്. അതല്ലാതെ ഒന്നുമില്ല. ബി.ജെ.പി സ്ഥാനാർഥി കൃഷ്ണകുമാർ എല്ലാ തെരഞ്ഞെടുപ്പിലും അവരുടെ സ്ഥാനാർഥിയാണ്. ഒരാൾ എല്ലാ സീറ്റിലും കയറി മത്സരിക്കുന്നത്കൃഷ്ണകുമാറിന് തിരിച്ചടിയായിട്ടുണ്ടാകും’ -മുരളീധരൻ ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നും യു.ഡി.എഫിന് ലീഡ് ചെയ്യാൻ കഴിയാതിരുന്ന പാലക്കാട് നഗരസഭ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതി. എൽ.ഡി.എഫ് അവസാന ദിവസം ഇറക്കിയ പരസ്യം ഇടതിനെ സ്നേഹിക്കുന്നവരെ തന്നെ ശത്രുക്കളാക്കി. അതാണ് സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയിട്ട് പോലും എൽ.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിയാതിരുന്നത്. സി.പി.എമ്മിന് ഒരടി നൽകണമെന്ന് ഇടതിനെ സ്നേഹിക്കുന്നവരും തീരുമാനിച്ചതാണെന്ന് ഫലം പരിശോധിച്ചാൽ കാണാൻ കഴിയും. അത് കൊണ്ട് പാലക്കാട്ടെ വിജയം നല്ല തിളക്കമാർന്ന വിജയമാണ്’ -മുരളീധരൻ വ്യക്തമാക്കി.
അതേസമയം, ചേലക്കരയിലെ തിരിച്ചടി പാർട്ടി ഗൗരവത്തിലെടുക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ‘പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക്കായിരുന്നു ചേലക്കരയിൽ പാർട്ടി നടത്തിയ പ്രചാരണ പ്രവർത്തനം. പക്ഷേ, കഴിഞ്ഞ ലോക്സഭയിൽ ഉണ്ടാക്കിയ നേട്ടം പോലും ഇത്തവണ കിട്ടിയില്ല. ജനം നല്ല രീതിയിൽ ഞങ്ങളെ സ്വീകരിച്ചത് പോലെ അവർ ഒരു വാണിങ്ങും നമുക്ക് നൽകിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം എപ്പോഴും വോട്ടായി മാറണമെന്നില്ല എന്ന സൂചനയാണിത്. ചേലക്കരയിലെ പരാജയം ഒരിക്കലും ഒരു തിരിച്ചടിയായി ഞങ്ങൾ കാണുന്നില്ല.
കാരണം, 2001ൽ 40സീറ്റിൽ എൽ.ഡി.എഫ് ചുരുങ്ങിയപ്പോഴും ചേലക്കര അവർക്കൊപ്പമായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ യു.ഡി.എഫ് വിജയിച്ചപ്പോഴും ചേലക്കര എൽ.ഡി.എഫിനൊപ്പമായിരുന്നു. അതുകൊണ്ട് ജനവിധിയെ വിനയപൂർവം സ്വീകരിക്കുന്നു. നല്ല കരുത്തോടെ ഞങ്ങൾ മുന്നോട്ടുപോകും. ഭരണവിരുദ്ധ വികാരം നല്ലതുപോലെ ഇവിടെയുണ്ട്. അത് പക്ഷേ, ഉദ്ദേശിച്ച പോലെ വോട്ടാക്കി മാറ്റാൻ നമുക്ക് സാധിച്ചിട്ടില്ല. ഇക്കാര്യം പരിശോധിക്കും. പ്രിയങ്ക ഗാന്ധിക്ക് നല്ല ഭൂരിപക്ഷം സമ്മാനിക്കാൻ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്’ -മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.