ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റേത് വന്‍നേട്ടമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പാലക്കാട് നല്ല ഭൂരിപക്ഷം ലഭിക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഷാഫിക്ക് ലഭിച്ചതിനെക്കാള്‍ വോട്ടുകള്‍ രാഹുലിന് കിട്ടും. പാലക്കാട്ടെ ബിജെപി കേന്ദ്രങ്ങളിലാണ് രാഹുല്‍ നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ‘മഴവിൽ സഖ്യ’ പരാമർശത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ രാഹുലിന്റെ തകർപ്പൻ ജയത്തെ ചെറുതാക്കാനുള്ള ശ്രമമാണ് എം വി ഗോവിന്ദൻ നടത്തിയത്. ജനവിധിയെ മോശമാക്കുന്ന പ്രതികരണമാണത്, മഴവിൽ സഖ്യമെന്നത് വിചിത്രമായ പ്രതികരണമാണെന്നും ആളുകൾ കേട്ടാൽ ചിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
ചേലക്കരയിൽ എൽഡിഎഫ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്, കുത്തനെ വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ഭരണവിരുദ്ധ തരംഗമുണ്ട്. ചേലക്കരയിൽ യുഡിഎഫിന് വിജയത്തിൽ എത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. ഈ ട്രെൻഡിൽ വിജയിക്കാമായിരുന്നു. മൂന്നാം സർക്കാർ വരുമെന്ന് പറയാൻ സിപിഐഎമ്മിന് കഴിയില്ലെന്നും അതൊക്കെ പിടിച്ചുനിൽക്കാൻ പറയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സുപ്രഭാതത്തിലെ പരസ്യം ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന്, പരസ്യം കൊടുത്തിട്ടും കാര്യമില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പത്രപരസ്യം വിഷലിപ്തമാണെന്നും അദ്ദേഹം പറഞ്ഞു.