മെറ്റല്‍, റോക്ക്, ഫോക്ക് സംഗീതത്തിന്റെ ഓളത്തിമിര്‍പ്പൊരുക്കി ഐഐഎംഎഫ്
രണ്ടാം ദിനത്തിലെ ആകര്‍ഷണങ്ങളായി ലേസി ഫിഫ്റ്റിയും മാര്‍ടൈറും കുലവും
തിരുവനന്തപുരം: തലസ്ഥാന നഗരം മെറ്റല്‍, റോക്ക് ഫോക്ക് സംഗീതത്തിന്റെ ഓളത്തിമിര്‍പ്പില്‍. രാജ്യാന്തര, തദ്ദേശീയ സംഗീത ബാന്‍ഡുകളുടെ വിസ്മയ പ്രകടനത്തിന് വേദിയൊരുക്കി കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെല്‍ (ഐ.ഐ.എം.എഫ്).
മെറ്റല്‍, റോക്ക് സംഗീത പ്രേമികളുടെ അഭിരുചികളെ ആഘോഷത്തിലാക്കുന്ന അവതരണവുമായാണ് ഐ.ഐ.എം.എഫ് ബാന്‍ഡുകള്‍ വേദിയില്‍ എത്തിയത്. കലാകാരന്‍മാരുടെ തത്സമയ പ്രകടനവും കാണികളുടെ നിറഞ്ഞ പങ്കാളിത്തവും പ്രോത്സാഹനവും സംഗീതോത്സവത്തെ ആവേശം നിറഞ്ഞതാക്കി മാറ്റി. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ബ്ലൂസ്-റോക്ക് ബാന്‍ഡ് ലേസി ഫിഫ്റ്റിയുടെയും നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള മാര്‍ടൈര്‍-പവര്‍ മെറ്റല്‍ ബാന്‍ഡും രണ്ടാം ദിവസത്തെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു. വിദേശ രാജ്യങ്ങളിലെ സംഗീത ബാന്‍ഡുകളുടെ തത്സമയ പ്രകടനം ആസ്വദിക്കാനുള്ള അവസരത്തിനൊപ്പം സംഗീത ലോകത്തെ പുത്തന്‍ പ്രവണതകള്‍ അറിയാനും ഇത് ആസ്വാദകര്‍ക്ക് അവസരമൊരുക്കി. 2022 ല്‍ മെറ്റല്‍ഫാന്‍ എന്‍എല്‍ ആല്‍ബം ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്ത പുതിയ ആല്‍ബത്തിലെയും ‘ഫോര്‍ ദി യൂണിവേഴ്‌സ്’ എന്ന ക്ലാസിക് ആല്‍ബത്തിലെയും ട്രാക്കുകള്‍ മാര്‍ടൈര്‍ ആരാധകര്‍ക്കു വേണ്ടി പാടി. മാര്‍ടൈറിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഹൃദ്യമായ ആലാപനശൈലിയും ഊര്‍ജ്ജസ്വലമായ പ്രകടനവും കൊണ്ടാണ് ലേസി ഫിഫ്റ്റി ആരാധകരെ കൈയിലെടുത്തത്.
ഏറെ ആരാധകരുള്ള കേരള ഫോക്ക്-റോക്ക് ബാന്‍ഡായ കുലത്തിന്റെ തത്സമയ പ്രകടനവും കാണികളില്‍ ആവേശം നിറച്ചു. പ്രശസ്ത ഗായിക പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ മ്യൂസിക് ആല്‍ബമായ ‘ഐ റോട്ട് ദിസ് ഓണ്‍ എ റെയ്‌നി നൈറ്റി’ന്റെ സോഫ്റ്റ് ലോഞ്ചും രണ്ടാം ദിവസം നടന്നു. ആല്‍ബത്തില്‍ നിന്നുള്ള ഗാനങ്ങളുടെ ആദ്യ തത്സമയ അവതരണത്തിനും ഐ.ഐ.എം.എഫ് വേദിയായി. ഗബ്രി, തബാചാക്കെ എന്നീ ബാന്‍ഡുകളും ആസ്വാദകര്‍ക്ക് സംഗീതവിരുന്നൊരുക്കി.
വിവിധ ഭാഷകളിലുള്ള മെറ്റല്‍, ഹാര്‍ഡ്‌റോക്ക്, റോക്ക് ടു ഹിപ്-ഹോപ്പ്, ഫോക്ക്, ബ്ലൂസ്, ഇഡിഎം സംഗീതമാണ് ബാന്‍ഡുകള്‍ ഐ.ഐ.എം.എഫിലെ ആസ്വാദകര്‍ക്കു മുന്നിലെത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ബാന്‍ഡുകളുടെ പ്രകടനത്തിന് ആസ്വാദകര്‍ ഏറെയാണ്. കേരളത്തില്‍ നിന്നുള്ള ബാന്‍ഡുകള്‍ക്കും നിരവധി ആരാധകരാണുള്ളത്. തിരുവനന്തപുരത്തെ ബാന്‍ഡായ ഡിഐവൈ ഡിസ്റപ്ഷന്റെ അവതരണത്തോടെയാണ് മേള ആരംഭിച്ചത്.
സമാപന ദിവസമായ ഞായറാഴ്ച ലിത്വാനിയയില്‍ നിന്നുള്ള ആഫ്രോഡെലിക് ബാന്‍ഡ് ഉള്‍പ്പെടെ ആറ് ബാന്‍ഡുകളുടെ അവതരണം നടക്കും. ആറ് രാജ്യങ്ങളില്‍ നിന്നായി 17 മ്യൂസിക്ക് ബാന്‍ഡുകളാണ് ഐ.ഐ.എം.എഫില്‍ പങ്കെടുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് ബാന്‍ഡ് അവതരണങ്ങള്‍ ആരംഭിക്കുന്നത്.
കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജും ലേസി ഇന്‍ഡി മാഗസിനും സംയുക്തമായിട്ടാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. ലൈവ് മ്യൂസിക്ക്, ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ്, ഓണ്‍സൈറ്റ് ക്യാമ്പിംഗ്, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയാണ് ഫെസ്റ്റിവെലിലെ ശ്രദ്ധേയ വിഭാഗങ്ങള്‍. 15 വര്‍ക്ക്ഷോപ്പുകളാണ് ഫെസ്റ്റിവെലില്‍ നടക്കുന്നത്.
ഫെസ്റ്റിവെലിന്റെ ഭാഗമായി ആഭരണ നിര്‍മാണം, മണ്‍പാത്ര നിര്‍മ്മാണം, ഹാന്‍ഡ് ലൂം, കളരിപ്പയറ്റ്, ബീച്ച്‌യോഗ, മെഡിറ്റേഷന്‍ എന്നിവ പരിശീലിക്കുന്നതിനായി ക്യാമ്പിംഗ് സൗകര്യങ്ങളും ശില്‍പശാലകളും ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പര്യവേഷണം ചെയ്യുന്നതിനായി ഇന്‍ഡി സംഗീതത്തിനും ശില്പശാലകള്‍ക്കുമൊപ്പം കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തത്സമയ കലാ-കരകൗശല പ്രദര്‍ശനവും പങ്കെടുക്കുന്നവര്‍ക്ക് ആസ്വദിക്കാനാകും. നവംബര്‍ 25 വരെ ക്രാഫ്റ്റ് വില്ലേജ് കാമ്പസില്‍ ഓണ്‍സൈറ്റ് ക്യാമ്പിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വേദിക്ക് സമീപം സജ്ജീകരിച്ചിരിക്കുന്ന ടെന്റുകളിലാണ് ക്യാമ്പിങ്.
കേരള ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎല്‍സിസിഎസ്) രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് കോവളത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി). കരകൗശല പാരമ്പര്യങ്ങള്‍ക്ക് പുറമെ, സാഹിത്യ-ചലച്ചിത്ര മേളകള്‍, കലാ പ്രദര്‍ശനങ്ങള്‍, ഡിസൈന്‍ ശില്‍പശാലകള്‍, മ്യൂസിക്‌ഷോകള്‍, ഹാക്കത്തോണുകള്‍, ഫുഡ് ഫെസ്റ്റിവലുകള്‍, ഫ്ലീമാര്‍ക്കറ്റുകള്‍ തുടങ്ങിയവയും നിരന്തരം സംഘടിപ്പിക്കുന്ന ആഗോള സാംസ്‌കാരിക വിനിമയ കേന്ദ്രം കൂടിയാണ് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: instagram @iimf_2024, https://iimf.kacvkovalam.com എന്നിവ സന്ദര്‍ശിക്കാം. പരിപാടിയില്‍ പങ്കെടുക്കുന്നതിന് http://bit.ly/4eZRuLE എന്ന ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.