Kerala

ഐടി കമ്പനികൾക്ക് പുറമെ പാർപ്പിട സൗകര്യങ്ങളുമായി ഇൻഫോപാർക്ക്

ഇൻഫോപാർക്കിൻ്റെ മൂന്നാം ഘട്ട പദ്ധതി എറണാകുളം ജില്ലയിലെ മുന്നൂറ് ഏക്കറിൽ. ഐടി കമ്പനികൾക്ക് പുറമെ പാർപ്പിട സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, കായിക – സാംസ്ക്കാരിക സംവിധാനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാകും. പദ്ധതിക്കായി ജില്ലയിൽ 300 ഏക്കർ സ്ഥലത്ത് ലാൻഡ് പൂളിങ് നടത്തുന്നതിന് ജിസിഡിഎയെ ചുമതലപ്പെടുത്തി സർക്കാർ ഒക്ടോബറിൽ ഉത്തരവ് ഇറക്കിയിരുന്നു. 202ലെ സർക്കാർ നിയമം നിലവിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ ലാൻഡ് പൂളിങ് പദ്ധതിയാകും ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിനായി നടപ്പാക്കുന്നത്. കാർബൺ ന്യൂട്രൽ, ജലവിഭവ സ്വയംപര്യാപ്തത, പൂർണമായ മാലിന്യ നിർമാർജനം, കൊച്ചി നഗരം – ദേശീയപാത – റെയിൽവേ – വിമാനത്താവളം തുടങ്ങിയ ഗതാഗത സംവിധാനങ്ങളിലേക്കുള്ള കണക്ടിവിറ്റി, എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഐടി പാർക്ക്, കെട്ടിടങ്ങളെയോ ഐടി കമ്പനികളെയോ അലോസരപ്പെടുത്താത്ത അറ്റകുറ്റപ്പണി സംവിധാനം എന്നിവയാണ് ഇവിടെ വിഭാവനം ചെയ്യുന്നതെന്ന് സിഇഒ വ്യക്തമാക്കി.