ഭൂമിയിലെ ഏറ്റവും വിദൂരമായ സ്ഥലം. അങ്ങനെ ഒരിടമുണ്ട് നമ്മുടെ ഭൂമിയിൽ. ആ കേന്ദ്രം അല്ലെങ്കിൽ മേഖലയാണ് പോയിന്റ് നെമോ എന്നറിയപ്പെടുന്നത്. ശാന്തസമുദ്രത്തിൽ തീരങ്ങളിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മേഖല. ഷൂൾസ് വേണിന്റെ ‘ട്വന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീ’ എന്ന വിഖ്യാത നോവലിലെ പ്രധാന കഥാപാത്രമായ ക്യാപ്റ്റൻ നെമോയിൽ നിന്നാണു മേഖലയ്ക്ക് ആ പേരു കൊടുതിരിക്കുന്നത്. ഇങ്ങോട്ടേക്ക് അധികം ആരും എത്താറില്ല.ഇതു വഴി പോകുന്ന കപ്പലുകളും കുറവ്. ഡൂസി ഐലൻഡ്, മോടു ന്യൂയി, മഹേർ ഐലൻഡ് എന്നീ മൂന്ന് ദ്വീപുകളുടെ നടുക്കായി ഓരോന്നിൽ നിന്നും ഏകദേശം 1600 കിലോമീറ്റർ ദൂരമകലെയാണ് പോയിന്റ് നെമോ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നു കര കണ്ടെത്തുക വളരെ പ്രയാസമാണെന്ന് അർഥം. ഇതൊരു കരപ്രദേശമല്ലാത്തതിനാൽ മുൻപ് ഇതിനെപ്പറ്റി വലിയ അറിവുകളോ ചിന്തകളോ ഒന്നുമില്ലായിരുന്നു.
1992ൽ ഒരു ക്രൊയേഷ്യൻ സർവേ എൻജിനീയറായ ഹ്രോവ്ജെ ലൂക്കാട്ടെലയാണ് ഈ സ്ഥലം കംപ്യൂട്ടർ അധിഷ്ഠിത പഠനങ്ങളുടെ പിൻബലത്തിൽ കണ്ടെത്തിയത്. ഒരു രസകരമായ സംഗതി കൂടി ഇതു സംബന്ധിച്ചുണ്ട്. പോയിന്റ് നെമോയിൽ നിന്ന് ഏറ്റവും അടുത്തുള്ള മനുഷ്യൻ കുറഞ്ഞത് 1600 കിലോമീറ്റർ അകലെയാകും നിൽക്കുന്നത്. എന്നാൽ ഇതിനു മുകളിലൂടെ ഇടയ്ക്കിടെ പോകുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികർ 416 കിലോമീറ്റർ അകലെ മാത്രമാണ് നിലനിൽക്കുന്നത്. അങ്ങനെ നോക്കിയാൽ പോയിന്റ് നെമോയോട് ഏറ്റവും അടുത്തു നിൽക്കുന്ന മനുഷ്യർ ബഹിരാകാശയാത്രികരാണെന്നു പറയാം.
തീരങ്ങളിൽ നിന്ന് ഒരുപാട് അകലെ സ്ഥിതി ചെയ്യുന്നതിനാൽ ബഹിരാകാശ ഏജൻസികൾക്കും പോയിന്റ് നെമോ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് റഷ്യയുടെ റോസ്കോമോസ്, യൂറോപ്യൻ യൂണിയന്റെ ഇഎസ്എ, ജപ്പാന്റെ ജാക്സ എന്നീ ഏജൻസികൾക്ക്. അവരുടെ ഉപയോഗശൂന്യമായ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളുമൊക്കെ ധൈര്യമായി ഇവിടെ ഉപേക്ഷിക്കാം. ഇവ ഒഴുക്കിൽ പെട്ട് ഏതെങ്കിലും തീരത്തു ചെന്നുകയറാനുള്ള സാധ്യത വിദൂരമാണ്. ഇവിടെ നൂറുകണക്കിന് ബഹിരാകാശ വാഹനങ്ങൾ ഇത്തരത്തിൽ കിടപ്പുണ്ടെന്നാണു പറയപ്പെടുന്നത്. പഴയ റഷ്യൻ സ്പേസ് സ്റ്റേഷനായ മിറും ഇക്കൂട്ടത്തിലുണ്ട്.
പോയിന്റ് നെമോ കണ്ടെത്തിയിട്ട് 30 വർഷമായതേയുള്ളുവെങ്കിലും ഏതാണ്ട് ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് എച്ച്പി ലൗക്രാഫ്റ്റ് എന്ന എഴുത്തുകാരൻ 1960കളിൽ ഒരു നോവലെഴുതിയിട്ടുണ്ടായിരുന്നു. ഇതിൽ പ്രദേശത്ത് തുൾഹു എന്ന ഭീകരൻ കടൽജീവി ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം എഴുതിവച്ചു. 1997ൽ പോയിന്റ് നെമോയ്ക്കു സമീപത്തു നിന്ന് വലിയ ഒരു ശബ്ദം ഉയർന്നു കേട്ടു. നീലത്തിമിംഗലം പുറപ്പെടുവിപ്പിക്കുന്ന ശബ്ദത്തേക്കാൾ തീവ്രമായ ശബ്ദം. ഇതോടെ ഇവിടെ ഏതോ വലിയ കടൽജീവി താമസിക്കുന്നുണ്ടെന്നു പ്രചാരണം ഉയർന്നു. തുൾഹു സത്യമാണെന്നു വരെ ചിലർ പ്രവചിച്ചു. എന്നാൽ ശബ്ദം ഏതോ മഞ്ഞുമല പൊട്ടിയതു മൂലമുണ്ടായതാണെന്നു പിന്നീടു തെളിഞ്ഞു. അതിശക്തമായ തരംഗശക്തിയുള്ള ജലവും പോഷണ രാസ മൂലകങ്ങളുടെ കുറവുമുള്ള പോയിന്റ് നെമോയിൽ ജീവികൾ തീരെയില്ല എന്നതാണു സത്യം. ചിലയിനം ബാക്ടീരിയകളും യെറ്റി എന്നു പേരുള്ള ഞണ്ടുകളുമാണ് ഇവിടെ വാസം.
STORY HIGHLLIGHTS: point-nemo-earth-watery-graveyard-spacecraft