മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി നേരിട്ടത് കനത്ത തിരിച്ചടി. 288 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകളിലേക്ക് കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) കക്ഷികളുടെ സഖ്യം ഒതുങ്ങി. സഖ്യത്തിൽ കനത്ത തിരിച്ചടി നേരിട്ടത് കോൺഗ്രസും എൻസിപിയുമാണ്. അതേസമയം ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. നിലവിൽ 231 സീറ്റകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല.
മഹാ വികാസ് അഘാഡിയിൽ, കോൺഗ്രസ് 101 സീറ്റുകളിലായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. നിലവിൽ 12 സീറ്റുകളിലാണ് കോൺഗ്രസിന് വിജയിക്കാനായത്. മൂന്ന് സീറ്റുകളിൽ പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന 95 സീറ്റുകളിൽ മത്സരിച്ചെങ്കിലും വിജയം 20 സീറ്റുകളിൽ ഒതുങ്ങി. ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിയാണ് ദയനീയ പ്രകടനം കാഴ്ചവെച്ചത്. 86 സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് വിജയിക്കാനായത് 10 സീറ്റുകളിലാണ്.അതേസമയം മഹായുതി സഖ്യത്തിൽ, 149 സീറ്റുകളിൽ മത്സരിച്ച ബിജെപി 109 സീറ്റുകളിൽ വിജയിക്കുകയും 24 ഇടത്ത് ലീഡ് ചെയ്യുകയുമാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന 81 സീറ്റുകളിൽ മത്സരിച്ചപ്പോൾ 48 ഇടത്ത് വിജയിക്കാനായി. ഒൻപത് ഇടത്ത് പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. ഉപമുഖ്യമന്ത്രി അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിക്ക് മത്സരിച്ച 59 സീറ്റുകളിൽ 38 ഇടത്ത് വിജയിക്കാനും മൂന്നിടത്ത് ലീഡ് ചെയ്യാനും കഴിഞ്ഞു.