എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പന്തളത്തെ ബിജെപിപ്രവർത്തകർ. “പാലക്കാട് കഴിഞ്ഞു ഇനി പന്തളം” എന്നാണ് പന്തളം നഗരസഭയിലെ ക്ഷേമസമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സീനയുടെ ഭർത്താവ് അജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സി കൃഷ്ണകുമാറിന് സംഘടനാ ചുമതലയുള്ള നഗരസഭയാണ് പന്തളം.
അജിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണ നൽകി പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീലയുടെ ഭർത്താവ് സന്തോഷ് രംഗത്തെത്തി. എരണം കെട്ടവൻ എന്ന അധിക്ഷേപത്തോടെയാണ് നഗരസഭാ ചെയർപേഴ്സന്റെ ഭർത്താവിന്റെ കമന്റ്. ‘ഭാര്യയും ഭർത്താവും കൂടി പാലക്കാട് നശിപ്പിച്ചു. ഒരു കാലനെപ്പോല വന്നു പന്തളവും.. ഈ എരണംകെട്ടവൻ..’ എന്നായിരുന്നു സന്തോഷിന്റെ കമന്റ്. കഴിഞ്ഞദിവസം ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. മുൻ ബിജെപി കൗൺസിലർ കെ വി പ്രഭയും നോട്ടീസിനെ പിന്തുണച്ചിരുന്നു.