കേരളത്തിലെ ആരും അറിയാത്ത മനോഹാരിത അതാണ് പൊന്നുംതുരുത്ത് ! മൂവന്തിച്ചോപ്പിൽ മുങ്ങിത്താഴുന്ന സൂര്യനെ നോക്കി ഓളംതല്ലുന്ന അഞ്ചുതെങ്ങ് കായലിനു നടുവിൽ സ്വച്ഛവും സുന്ദരവുമായ ഒരു ചെറുദ്വീപ്. പേരിൽത്തന്നെ നിഗൂഢതകളും രഹസ്യങ്ങളും ഒളിപ്പിച്ചിരിക്കുന്ന ഇടം. അഞ്ചുതെങ്ങ് കായലിലൂടെ അവിസ്മരണീയമായ ഒരു യാത്ര വേണ്ടിവരും, പൊന്നുംതുരുത്തിനെ ആഴത്തിലറിയാൻ. തോണിയിൽ വേണം തുരുത്തിലേക്കെത്താൻ. തുരുത്തിലേക്കുള്ള കായൽ യാത്രയിൽത്തന്നെ തിങ്ങിനിറഞ്ഞ മരങ്ങളും വള്ളിപ്പടർപ്പുകളുമൊക്കെ സഞ്ചാരിയുടെ കാഴ്ചയിലുടക്കും. അപൂർവ ഇനം മരങ്ങളും ജീവജാലങ്ങളുമടങ്ങിയ പ്രകൃതിയുടെ മായക്കാഴ്ചകളിലേക്ക് സഞ്ചാരികൾ പതിയെ വഴുതിവീഴും.
പൊന്നുംതുരുത്ത് ദ്വീപിനെ ചുറ്റിപ്പറ്റി ഒരുപാട് കഥകളുണ്ട്, പ്രചാരത്തിൽ. നൂറ്റാണ്ടുകൾക്കു മുൻപ്, രാജഭരണകാലത്ത് യുദ്ധവേളയിൽ ആറ്റിങ്ങൽ കൊട്ടാരത്തിലെ മഹാറാണിമാരുടെ സ്വർണമുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൊട്ടാരത്തിൽ സൂക്ഷിക്കാൻ പറ്റാത്തതുകൊണ്ട് മനുഷ്യവാസമില്ലാതിരുന്ന ഈ ദ്വീപിൽ കാലങ്ങളോളം സൂക്ഷിച്ചെന്നും, ആ നിധിക്ക് നാഗങ്ങൾ കാവലിരുന്നുവെന്നുമാണ് ഒരു കഥ. പൊന്നു സൂക്ഷിച്ചിരുന്ന തുരുത്ത് അങ്ങനെ പൊന്നുംതുരുത്ത് ആയി! രാമായണ കാലത്ത് മരുത്വാമലയുമായി ഹനുമാൻ കായലിനു മുകളിലൂടെ പോയപ്പോൾ അടർന്നുവീണ ഭാഗമാണെന്ന് പൊന്നുംതുരുത്ത് ആയതെന്ന് ഒരു ഐതിഹ്യം. പഞ്ചപാണ്ഡവർ ഇവിടെ എത്തിയിരുന്നതായും വിശ്വാസമുണ്ട്.
വിജനമായിക്കിടന്നിരുന്ന ദ്വീപിലേക്ക്, അടുത്ത കരകളിൽ നിന്ന് നാട്ടുകാർ കന്നുകാലികൾക്ക് കൊടുക്കാൻ പുല്ല് ശേഖരിക്കാനും മറ്റും എത്തുമായിരുന്നത്രേ. അങ്ങനെ പുല്ലു ചെത്താനെത്തിയവർ, ശിലയിൽ കൊത്തിയ ഒരു വിഗ്രഹം കണ്ടെത്തുകയും, അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് മനസിലാക്കുകയും ചെയ്തു. പിന്നീട് ശ്രീനാരായണ ഗുരുദേവനാണ് ഇവിടെ ശിവപ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കുന്നവരുണ്ട്. കായിക്കര, നെടുങ്ങണ്ട, ഒന്നാംപാലം തുടങ്ങിയ പ്രദേശങ്ങളിൽ ബുദ്ധമതത്തിന് പ്രചാരമുണ്ടായിരുന്നതായും പറയപ്പെടുന്നു.
നൂറു വർഷം മുൻപ് ഗുരുദേവൻ പ്രതിഷ്ഠിച്ചതായി പലരും കരുതുന്ന വിഗ്രഹമല്ല ഇപ്പോൾ ഇവിടെയുള്ളത്. കാലക്രമേണ ക്ഷേത്രം നവീകരിക്കുകയും ശിവപാർവതിമാരുടെ പ്രധാന പ്രതിഷ്ഠയും, ഗണപതി, മഹാവിഷ്ണു, നാഗദൈവങ്ങൾ എന്നീ പ്രതിഷ്ഠകൾ കൂടി സ്ഥാപിക്കുകയും ചെയ്തു. ശിവരാത്രി ദിവസമാണ് ഇവിടുത്തെ പ്രധാന ആഘോഷം. അന്ന് പൊങ്കാല ഉൾപ്പെടെ ചടങ്ങുകളുണ്ട്.
പണയ കുടുംബമായിരുന്നു ആദ്യം പൊന്നുംതുരുത്തിന്റെ അവകാശികൾ. പിന്നീട് അവരിൽ നിന്ന് നെടുങ്ങണ്ട വല്യപുരയ്ക്കൽ കുടുംബം പൊന്നുംതുരുത്ത് വിലയ്ക്കു വാങ്ങുകയും സംരക്ഷിച്ച് പോരുകയും ചെയ്തു. പതിനഞ്ച് ഏക്കർ കരയും, മൂന്ന് ഏക്കർ കായൽപ്രദേശവും ചേർന്ന് 18 ഏക്കറോളം ഉണ്ടായിരുന്ന തുരുത്ത് കാലക്രമേണ ഇടിഞ്ഞ് കായലിനോട് ചേർന്നു കഴിഞ്ഞു. ഇപ്പോൾ മൂന്ന് ഏക്കറോളം മാത്രമേ തുരുത്തിന് വിസ്തൃതിയുള്ളൂ. ക്ഷേത്രത്തിൽ നിന്ന് പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാതിരുന്നതിനാൽ തുരുത്ത് സംരക്ഷിക്കുന്നതിന്റെ ചെലവ് കുടുംബത്തിന് താങ്ങാനാകുമായിരുന്നില്ല. അധികം വൈകാതെ കുടുംബക്കാർ ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രം നവീകരിക്കുകയും, 2008-ൽ ഈ ട്രസ്റ്റിനു കീഴിൽ പൊന്നുംതുരുത്ത് ഒരു ടൂറിസം സ്പോട്ട് ആക്കി മാറ്റുകയും ചെയ്തു. കയാക്കിംഗ്പ്രേമികൾക്കിടയിലും പ്രസിദ്ധമാണ് ഇവിടം.
തിരുവനന്തപുരം ജില്ലയിലെ വർക്കലയ്ക്കു സമീപമാണ് പൊന്നുംതുരുത്ത്. വർക്കലയിൽ നിന്ന് 12 കിലോ മീറ്റർ ദൂരം. നെടുങ്ങണ്ടയിൽ നിന്ന് തുരുത്തിലേക്കു പോകാൻ വള്ളം കിട്ടും. കായലിലൂടെ 30 മിനിട്ട് യാത്ര. ട്രെയിനിലോ ബസിലോ എത്തുന്നവർ, വർക്കല സ്റ്റേഷനിൽ ഇറങ്ങി, കടയ്ക്കാവൂർ റോഡിൽ യാത്ര ചെയ്ത് നെടുങ്ങണ്ട ഒന്നാം പാലത്തിൽ എത്തണം. ഇവിടെ നിന്ന് കായൽക്കരയിലേക്ക് റോഡുണ്ട്. വള്ളത്തിൽ യാത്ര തുടരാം.ഡിസംബർ മുതൽ മാർച്ച് വരെയാണ് പൊന്നുംതുരുത്ത് സന്ദർശിക്കാൻ ഉത്തമം. രാവിലെ 5:30 മുതൽ ഉച്ചയ്ക്ക് 12:00 വരെയും, വൈകുന്നേരം 4:00 മുതൽ 7:00 വരെയുമാണ് സന്ദർശന സമയം. രണ്ടു മണിക്കൂർ വരെ ദ്വീപിൽ ചെലവഴിക്കാം. എൻട്രി ഫീസോ പാസോ ഇല്ല. രാവിലെ 7.30 നും 9 മണിക്കുമാണ് കടത്തുവള്ളം. വൈകുന്നേരം നാലേകാലിനുള്ള വള്ളം ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം ആറേകാലിന് തിരികെയെത്തും. ദ്വീപിൽ ക്ഷേത്രമല്ലാതെ മറ്റു കെട്ടിടമില്ല. പൊന്നുംതുരുത്തിലേക്ക് ബോട്ട് സർവീസുമുണ്ട്.
STORY HIGHLLIGHTS : travel-to-ponnumthuruthu-varkala