ന്യൂഡൽഹി: സോളാർ വൈദ്യുത കരാറുകൾക്കായി 2029 കോടി രൂപ കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ്. സമൻസ് പ്രകാരം സംഭവത്തിൽ 21 ദിവസത്തിനകം എസ്ഇസിക്ക് മറുപടി നൽകണം. ഇല്ലെങ്കിൽ കേസ് തീർപ്പാക്കുന്ന ഘട്ടത്തിലേക്കു നീങ്ങും. കോടതിയിലും മറുപടി നൽകേണ്ടി വരും.
ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതി വഴിയാണ് അഹമ്മദാബാദിലെ അദാനിയുടെ വിലാസത്തിലേക്കു നോട്ടിസ് അയച്ചത്. അദാനി ഗ്രീൻ എനർജിയുടെ ഒരു കരാറുമായി ബന്ധപ്പെട്ടാണു കുറ്റപത്രമെന്നും ഇത് കമ്പനിയുടെ 10% ബിസിനസിലും താഴെയാണെന്നും ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജുഗേഷിന്ദർ റോബി സിങ് പറഞ്ഞു. അഭിഭാഷകരുടെ അനുമതി കിട്ടിയശേഷം കുറ്റപത്രത്തെക്കുറിച്ചു വിശദമായി പ്രതികരിക്കും. കുറ്റപത്രത്തിന്മേൽ ഒരു കോടതിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. യുഎസിലെ അഴിമതിവിരുദ്ധ നിയമവുമായി ബന്ധപ്പെട്ടു കൈക്കൊള്ളേണ്ട നിയമപരമായ കാര്യങ്ങൾ (ഡിസ്ക്ലോഷർ) ഫെബ്രുവരിയിൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.