World

ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം: 11 മരണം

ജറുസലം: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 8 നില കെട്ടിടത്തിനുനേർക്ക് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബസ്ത ജില്ലയിലെ ജനവാസമേഖലയിലേക്ക് അഞ്ച് മിസൈലുകൾ പതിച്ചതായാണ് വിവരം.

യാതൊരു മുന്നറിയിപ്പുകളുമില്ലാതെ നടത്തിയ ആക്രമണത്തിൽ ഒരു എട്ട് നില കെട്ടിടം പൂർണമായി തകരുകയും വ്യാപക നാശ നഷ്ടമുണ്ടാവുകയും ചെയ്തതായാണ് റിപ്പോർട്ട്. പ്രാദേശിക സമയം നാല് മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹസൻ നസ്റല്ല അടക്കമുള്ള ഹിസ്ബുല്ല നേതാക്കളെ ഇത്തരം മിസൈൽ ആക്രമണത്തിലാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. പുരാവസ്തു വിൽപനയിൽ പ്രശസ്തമായ തെരുവുകളുള്ള സെൻട്രൽ ബെയ്റൂട്ടിൽ ഈയാഴ്ച ഇസ്രയേൽ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്. ഹിസ്ബുല്ല ശക്തികേന്ദ്രമായ തെക്കൻ ബെയ്റൂട്ടിലായിരുന്നു നേരത്തേ തുടർച്ചയായ ആക്രമണം നടത്തിയിരുന്നത്.

അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനിടെ ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 120 പലസ്തീൻകാർ കൊല്ലപ്പെട്ടു. 205 പേർക്കു പരുക്കേറ്റു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 44,176 ആയി. 1,04,473 പേർക്കു പരുക്കേറ്റു. ലബനനിൽ 3645 പേരും കൊല്ലപ്പെട്ടു.