Kerala

ശബരിമല തീർത്ഥാടനം: അയ്യപ്പ ദർശനത്തിനായി വൻ ഭക്തജനതിരക്ക്; ഇന്നലെ മലകയറിയത് 87,216 പേർ

ശബരിമല: ശബരിമല സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. ശബരിമലയിലേക്ക്‌ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ കുറവില്ല. തിരക്ക്‌ വർധിച്ചെങ്കിലും സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും വേണ്ടതെല്ലാം ചെയ്യുന്നുണ്ട്‌. ക്രമീകരണങ്ങളിൽ തൃപ്‌തരായാണ്‌ തീർത്ഥാടകർ മലയിറങ്ങുന്നത്‌.
തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് മല ചവിട്ടുന്നവരിൽ ഏറെയും.

ഇന്ന് അവധി ദിനം ആയതിനാൽ ദർശനം തേടിയെത്തുന്നവരുടെ തിരക്ക് ഏറാനാണ് സാധ്യത. ഇന്നലെ രാത്രി നട അടച്ചപ്പോൾ വലിയ നടപ്പന്തലിൽ ദർശനം കാത്തുനിന്ന ഭക്തർ എല്ലാം തൊഴുതുവെന്നാണ് വിവരം. തിരക്ക് പരിഗണിച്ച് മരക്കൂട്ടത്തിനു സമീപം മൂന്നിടത്ത് ഭക്തരെ നിയന്ത്രിക്കുന്നുണ്ട്. ഒട്ടേറെ പേർ ഒരേ സമയം സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കാനാണ് നിയന്ത്രണമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.

ഇന്നലെ മാത്രം 87,216 പേരാണ് മല കയറിയത്. ഇതിൽ 9,822 സ്പോട് ബുക്കിങ്ങുമുണ്ടായിരുന്നു. സന്നിധാനത്തേതിനു സമാനമായി പമ്പയിലും നിലയ്ക്കലിലും എല്ലാം വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇവിടങ്ങളിൽ എല്ലാം തിരക്ക് കുറവായിരുന്നു. പമ്പയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനമുണ്ടെന്നും ഭകതർ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് പൊലീസ് പറയുന്നത്. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. അപ്പം, അരവണ കൗണ്ടറുകൾക്ക് മുന്നിലും പ്രസാദം വാങ്ങാനായി വലിയ തിരക്കാണ്.