Kerala

പാലക്കാട്ട് ബിജെപിക്ക് നേരിട്ടത് കനത്ത തിരിച്ചടി; സുരേന്ദ്രനും കൃഷ്ണകുമാറിനുമെതിരെ പടയൊരുക്കം

പാലക്കാട്: ബിജെപിക്ക് പാലക്കാട്ട് നേരിട്ടത് കനത്ത തിരിച്ചടി. ‘എ ക്ലാസ്’ മണ്ഡലമായി ബിജെപി വിലയിരുത്തിയ ഇടത്ത് പതിനായിരത്തിൽ അധികം വോട്ടുകൾ നഷ്ടമായി. ഇതോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സ്ഥാനാർഥി സി. കൃഷ്ണകുമാറിനും എതിരെ പാർട്ടിയിൽ പട ഉറപ്പായി. ‘എ ക്ലാസ്’ മണ്ഡലത്തിൽ ബിജെപിയെ കാത്തിരുന്നത് എ ക്ലാസ് തോൽവി. മൂത്താൻതറ പോലെയുള്ള ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ച ഉണ്ടായി. നഗരഭരണം കൈയ്യാളുന്ന ബിജെപിക്ക് നഗരത്തിലുണ്ടായത് 10,000 ത്തിലധികം വോട്ടിൻ്റെ കുറവ്.

പഞ്ചായത്തുകളിൽ വോട്ടുവിഹിതം വർധിപ്പിക്കുമെന്ന ബിജെപി അവകാശവാദവും പാളി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയതിൽ തുടങ്ങിയ ആഭ്യന്തര പ്രശ്നം പരിഹരിക്കാൻ ആര്‍എസ്എസ് രംഗത്തിറങ്ങിയെങ്കിലും ശക്തി കേന്ദ്രങ്ങളിലെ ചോർച്ച തടയാൻ പോലും ആയില്ല. 3859 വോട്ടിൻ്റെ നേരിയ തോൽവിയിൽ നിന്ന് വലിയ തകർച്ചയിലേക്ക് പാർട്ടി പോയി.

എതിർപ്പ് മറികടന്ന് സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയ കെ. സുരേന്ദ്രൻ്റെ രക്തത്തിനായി എതിർവിഭാഗം മുറവിളി ഉയർത്തും. എല്ലായിപ്പോഴും സ്ഥാനാർഥിയാക്കുന്നുവെന്ന പരാതിയുള്ള സി. കൃഷ്ണകുമാറിന് ഇനി മത്സരിക്കാന്‍ അവസരം കിട്ടുമോ എന്നും കണ്ടറിയണം.