Kerala

അന്താരാഷ്ട്ര ചലച്ചിത്രമേള : ഡെലി​ഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ

ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും

29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ (നവംബർ 25) രാവിലെ 10ന് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും.

പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഫീസ്. മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15 തിയറ്ററുകളിലായാണ് പ്രദർശനം.

ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ മേളയിലുണ്ടാകും. സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും.