Kerala

പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചു ; സര്‍ക്കാരിന് അനുകൂലമായ നല്ല പ്രതികരണമെന്ന് ഇ പി ജയരാജന്‍

പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍. വയനാട് അടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും ഇടതുപക്ഷത്തിന് സ്വാധീനം കൂടിയിട്ടുണ്ട്. ഇടതുസര്‍ക്കാരിന് അനുകൂലമായി നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായത്. ഭരണ വിരുദ്ധ വികാരമുണ്ടാകുമെന്നും, ഇടതുമുന്നണിക്ക് എല്ലായിടത്തും കനത്ത പരാജയമുണ്ടാകുമെന്നുമുള്ള പ്രചാരണമാണ് തകര്‍ന്നുവീണതെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചേലക്കരയില്‍ അടക്കം എല്‍ഡിഎഫ് ദയനീയമായി തോല്‍ക്കുമെന്നായിരുന്നു പ്രചാരണം. ആ പ്രചാരണമെല്ലാം അസ്ഥാനത്തായി. ചേലക്കരയില്‍ മെച്ചപ്പെട്ട വിജയം നേടാനായി. പാലക്കാട് നല്ല വോട്ടിങ്ങ് നേടിയെടുക്കാന്‍ കഴിഞ്ഞു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ടാണ് ഇടതുമുന്നണിക്ക് തിളക്കമാര്‍ന്ന ബഹുജനപിന്തുണ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ കഴിഞ്ഞതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയും കരുത്തുമാണ് എല്‍ഡിഎഫിന് നല്‍കുന്നത്. ബിജെപിക്ക് ദയനീയമായ പരാജയമാണ് ഉണ്ടായത്. ബിജെപിയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ മാത്രമല്ല, ആ പാര്‍ട്ടിയുടെ നയങ്ങളും മതേതര വാദികളില്‍ വലിയ പ്രതികരണം സൃഷ്ടിച്ചു. ബിജെപി ഫാസിസ്റ്റ് ഭരണസംവിധാനമാണ് നടപ്പിലാക്കുന്നത്. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും തകര്‍ക്കലാണ്, ബിജെപി അധികാരത്തില്‍ വരുന്നത് ഇന്ത്യന്‍ ഭരണഘടനയെത്തന്നെ അട്ടിമറിക്കാനാണ് എന്ന രാഷ്ട്രീയധാരണ കേരളത്തില്‍ കൂടുതല്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു.