tips

വെളിച്ചെണ്ണയിലെ മായം തിരിച്ചറിയണോ? ഇങ്ങനെ ചെയ്യൂ | how-to-know-chemical-in-coconut-oil

വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്തിയ തരത്തിലുള്ളവയാണ് കൂടുതലും വിപണിയിൽ ലഭ്യമാകുന്നത്. കൂടാതെ, വെളിച്ചെണ്ണയുടേതിന് സമാനമായ സ്വാദിൽ വ്യാജനിറങ്ങുമ്പോൾ മായം കലർന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾ ബുദ്ധിമുട്ടുന്നു.

പാം കർനൽ ഓയിൽ, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ തുടങ്ങി ഗുണനിലവാരം കുറഞ്ഞ മറ്റ് എണ്ണകൾ വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്. ഇവയ്ക്ക് പൊതുവേ വിലയും കുറവാണ്. പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിലും വ്യാജ വെളിച്ചെണ്ണ വിപണിയിൽ ലഭ്യമാണ്.

വ്യാജനെ എങ്ങനെ കണ്ടെത്താം

  • ചില്ല് ഗ്ലാസിൽ വെളിച്ചെണ്ണ ഒഴിച്ച് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. മായം കലരാത്തതാണെങ്കിൽ ഈ സമയത്തിനകം കട്ടയായിട്ടുണ്ടാകും. മാത്രമല്ല, യാതൊരു നിറ വ്യത്യാസവും ഉണ്ടാവുകയുമില്ല. എന്നാൽ മായം കലർന്നതാണെങ്കിൽ വേറിട്ട് നിൽക്കുകയും നിറവ്യത്യാസം കാണുകയും ചെയ്യും.
  • ഒലിവ് എണ്ണയിൽ മായം ചേർത്താൽ: മറ്റ് എണ്ണകളെ പോലെ നിത്യേ‍ാപയോഗ വസ്തുവായി ഒലിവെണ്ണ മാറിയിട്ടില്ല. എന്നാൽ ഹൃദയാരോഗ്യത്തിനുതകുന്നു എന്ന രീതിയിൽ‌ ഒലിവെണ്ണ നമ്മുടെ നാട്ടിൽ പ്രചാരം നേടുന്നുണ്ട്. പ്രത്യേകിച്ചും ഗൾഫ് മലയാളികൾ ഒലിവെണ്ണയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. വാങ്ങുന്ന എണ്ണയിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ഒരു കുപ്പിയിലാക്കി റഫ്രിജറേറ്ററ‍ിൽ 24 മണിക്കൂർ സൂക്ഷിക്കുക. യഥാർഥ ഒലിവ് എണ്ണ മാത്രം കട്ടിപിടിക്കും. മായം ചേർത്ത എണ്ണ വേർതിരിഞ്ഞു നിൽക്കും.
  • നല്ലെണ്ണയിൽ(എള്ളെണ്ണ) മായം ചേർത്താൽ: പരുത്തിക്കുരു എണ്ണ, നിലക്കടലയെണ്ണ എന്ന‍ിവയാണ് മായമായി ചേർക്കുന്നത്. ലാബ് പരിശോധനയിലൂടെ ഇതു തിരിച്ചറിയാം. എന്നാൽ ഗന്ധത്തിൽ മാറ്റം വരുന്നത് നല്ലെണ്ണയുടെ മണം പരിചയിച്ചവർക്ക് പെട്ടെന്നു മനസ്സിലാകും. ഒരു തുള്ളി എണ്ണ വിരലിൽ‌ തൊട്ട് നന്നായി തിരുമ്മി മണത്താൽ മായം ചേർത്തതാണെങ്കിൽ വ്യത്യാസം അറിയാം.

content highlight: how-to-know-chemical-in-coconut-oil