Movie News

ഗോഡ്ഫാദറിൽ കനകയ്ക്ക് പകരം തീരുമാനിച്ചത് മറ്റൊരു നടിയെ, പക്ഷെ ആ നടി വന്നില്ല : സിദ്ധിഖ്

1991 ൽ ഇറങ്ങിയ ഗോഡ്ഫാദാർ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസായി തുടർച്ചയായ 400 ദിവസത്തിലധികമാണ് ചിത്രം തിയേറ്ററുകളിൽ ഓടിയത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് കനകയെ ആയിരുന്നില്ല എന്ന അന്തരിച്ച സംവിധായകാൻ സിദ്ധിഖിന്റെ വാക്കുകൾ ആണ്. ഒരു പഴയ ഇന്റർവ്യൂവിൽ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ഇത്. കനകയ്ക്ക് പകരം ആദ്യം ഉർവശിയെ നായികയാക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഉർവശിക്ക് നായികയാകാൻ കഴിഞ്ഞില്ല. പകരം പലരെയും ഇന്റർവ്യൂ ചെയ്ത് നോക്കി. പക്ഷെ ആരും ശരി ആയില്ല. ഓടുവിൽ പെട്ടന്നാണ് കനക മനസ്സിലേക്ക് വന്നത്. അങ്ങനെയാണ് കനക ഗോഡ്ഫാദറിൽ നായികയായത് എന്നാണ് സിദ്ധിഖ്ന്റെ വാക്കുകൾ. കനക ആ സിനിമയിൽ നായികയായി എത്തിയത് വളരെ നന്നായി എന്നാണ് പ്രേക്ഷകർ പറയുന്നത്. നല്ല അഭിനയമാണ് കനക കാഴ്ചവെച്ചത്, കനകയ്ക്ക് പകരം മറ്റാരെയും ആ കഥാപാത്രമായി ചിന്തിക്കാൻ പറ്റുന്നില്ല എന്നുള്ള പ്രതികരണങ്ങളെല്ലാം വരുന്നുണ്ടെങ്കിൽ പോലും ഉർവശി ആയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ എന്നും പലരും അഭിപ്രായപ്പെടുന്നു.

കനകലക്ഷ്മി എന്നായിരുന്നു കനകയുടെ യഥാർഥ പേര്. ഗോഡ്ഫാദറിലെ മാലു എന്ന ഒറ്റ കഥാപാത്രം മാത്രം മതി കനകയേ മലയാളികൾ ഇന്നും ഓർത്തിരിക്കാൻ. വിയറ്റ്നാം കോളനി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും മാലുവിന്റെ തട്ട് എന്നും താഴ്ന്ന് തന്നെ ഇരിക്കും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏഴര പൊന്നാന, മന്നാടിയർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഗോളാന്തര വാർത്ത, വാർധക്യ പുരാണം, പിൻഗാമി, മന്ത്രി കൊച്ചമ്മ, നരസിംഹം വരെയുള്ള ഒട്ടുമിക്ക സിനിമകളിലെ കനകയുടെ വേഷങ്ങളും വലിയ ഹിറ്റ് ആയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് സിനിമകളിലും സജീവമായിരുന്ന കനക വളരെപ്പെട്ടെന്നാണ് വെള്ളിവെളിച്ചത്തിൽ നിന്നും മറഞ്ഞത്. 2000ൽ പുറത്തിറങ്ങിയ ഈമഴ തേൻമഴ എന്ന മലയാളചിത്രത്തിലാണ് കനക അവസാനം അഭിനയിച്ചത്. അതിന് ശേഷം കുറേക്കാലം നിശബ്ദമായ ജീവിതം നയിക്കുകയായിരുന്നു താരം. പക്ഷെ പിന്നീട് പെട്ടെന്ന് നടിയുടെ വ്യക്തിജീവിതം വലിയ ചർച്ചയായി. കാൻസർ ബാധിച്ച് കനക മരിച്ചുവെന്ന തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. മലയാളം അടക്കം നിരവധി ഭാഷാസിനിമകളില്‍ വേഷമിട്ട ആദ്യകാല നടി ദേവികയായിരുന്നു കനകയുടെ അമ്മ.  ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുള്ള കനക എവിടെയാണ് എന്ന ചർച്ചകൾ വീണ്ടും ഇതോടെ സജീവമാവുകയാണ്.