Kerala

അദാനിക്ക് കുരുക്ക് മുറുകുന്നു, ചോദ്യം ചെയ്യലിന് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

അദാനിക്ക് മേൽ കുരുക്ക് മുറുക്കി അമേരിക്ക. ​ഗൗതം അദാനിക്കും അനന്തരവൻ സാ​ഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോൺ​ഗ്രസ് തീരുമാനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗരോർജ വൈദ്യുതി കരാർ ലഭിക്കാൻ 2200 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടി.

അദാനി ​ഗ്രൂപ്പിന്റെ സ്ഥാപകൻ ​ഗൗതം അദാനിക്കും അനന്തരവനും അദാനി ​ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടറുമായ സാ​ഗർ അദാനിക്കും എസ്ഇസി ചോദ്യം ചെയ്യലിന് നോട്ടീസയച്ചതായി വാർത്താ എജൻസിയാണ് റിപ്പോർട്ട് ചെയ്തത്. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അ​ഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസെത്തിയത്. നടപടിയോട് അദാനി​ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
കേസിൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ ഇരുവരും അടക്കം 8 പേർക്കെതിരെ യുഎസിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

അതേസമയം മഹാരാഷ്ട്രയിലെ തോല്വി കാര്യമാക്കാതെ നാളെ തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലുടനീളം കേന്ദ്രസർക്കാറിനെതിരെ കോൺ​ഗ്രസ് വിഷയം ആയുധമാക്കും. നിലവിൽ രാഹുൽ ​ഗാന്ധി മാത്രാമാണ് വിഷയം സജീവമായി ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ മറ്റു പാർട്ടികളോടും വിഷയത്തിൽ പിന്തുണ വേണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെടും. കോൺ​ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുമായടക്കം അദാനി കരാറുകളിലേർപ്പെട്ടിട്ടുണ്ടെന്നും, അഴിമതിക്കാരനെങ്കിൽ എന്തിന് കരാറിലേർപ്പെട്ടെന്നുമാണ് ബിജെപിയുടെ ചോദ്യം. വിദേശ ശക്തികളുടെ നിർദേശമനുസരിച്ചാണ് കോൺ​ഗ്രസ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. ഈ വാദത്തിലൂന്നിയായിരിക്കും ബിജെപി പ്രതിരോധം.