നെല്ലിക്ക ജ്യൂസ് കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉത്തമമാണ്. നെല്ലിക്ക കുഞ്ഞുങ്ങള്‍ കഴിക്കാന്‍ മടികാണിക്കുമ്പോള്‍ അതിന് പരിഹാരമാണ് ജ്യൂസായി കൊടുക്കുന്നത്. ഒന്നോരണ്ടോ നെല്ലിക്കയെടുത്ത് അതിന്റെ ജ്യൂസ് എടുത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതാണ് ഉത്തമം. പോഷക ഗുണങ്ങളുടെയും ഔഷധ ഗുണങ്ങളുടെയും കലവറയാണ് നെല്ലിക്ക.
വിറ്റാമിന്‍ സിയുടെ സമ്പന്ന ഉറവിടമായ നെല്ലിക്കയില്‍ വിറ്റാമിന്‍ ബി, എ, ഇരുമ്പ്, കാത്സ്യം, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും വൈറല്‍ അണുബാധകള്‍ തടയാനും ഇത് ഏറെ ഫലപ്രദമാണ്. അതിനാല്‍ ദിവസേന നെല്ലിക്ക കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് ആയുര്‍വേദ ഡോക്ടര്‍ ദിക്ഷാ ഭാവ്സര്‍ സാവാലിയ പറയുന്നു. നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് നേത്രരോഗങ്ങള്‍, ഉദരസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ശമിപ്പിക്കാന്‍ വളരെ നല്ലതാണ്.
രാവിലെ വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നമ്മളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. നെല്ലിക്ക ജ്യൂസില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ, മെറ്റബോളിസം കൂട്ടുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ എന്നും കഴിക്കാന്‍ തുടങ്ങിയാല്‍ നമ്മളുടെ ശരീരത്തില്‍ നിന്നും വിഷമയമായ വസ്തുക്കളെല്ലാം തന്നെ നീക്കം ചെയ്യപ്പെടുന്നു. ശരീരം വൃത്തിയാകുന്നു.
നെല്ലിക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി, ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍, മലബന്ധം തുടങ്ങിയവ അകറ്റാന്‍ ഗുണം ചെയ്യും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. നെല്ലിക്കയില്‍ വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത് സഹായിക്കും. താരന്‍, നര എന്നിവ തടയാന്‍ നെല്ലിക്ക ഫലപ്രദമാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കുകയും മുടിയുടെ തിളക്കം, ബലം എന്നിവ വര്‍ദ്ധിപ്പിക്കാനും നെല്ലിക്ക ജ്യൂസ് ഗുണം ചെയ്യും.
വിറ്റാമിന്‍ സിയുടെ സമ്പന്ന ഉറവിടമാണ് നെല്ലിക്ക. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിലെ പാടുകള്‍ അകറ്റാനും വാര്‍ധക്യ പ്രക്രിയ മന്ദഗതിയിലാക്കാനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ഇത് ഗുണം ചെയ്യും.
ഇതിന്റെ പുറമെ നെല്ലിക്കയുടെ ജ്യൂസ് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാനും ത്വക്ക് രോഗങ്ങള്‍ അകറ്റാനും ഫലപ്രദമാണ്. കരോട്ടിന്‍, വിറ്റാമിന്‍ എ, സി എന്നിവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിന്‍ എ കാഴ്ച മെച്ചപ്പെടുത്തുകയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കണ്ണ് വേദന, ആയാസം എന്നിവ പരിഹരിക്കാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നെല്ലിക്ക ഗുണകരമാണ്.
നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നെല്ലിക്ക ജ്യൂസ്. എന്നും രാവിലെ വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നവരില്‍ രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. ഇവര്‍ക്ക് ഏത് കാലാവസ്ഥയിലും നല്ല ആരോഗ്യം ഉണ്ടായിരിക്കും. പെട്ടെന്ന് പെട്ടെന്ന് അസുഖങ്ങള്‍ വരാതിരിക്കാനും ഇത് സഹായിക്കും. കാരണം, ഇതില്‍ വിറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.