ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഈ മാസം 28ന് സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപീകരണത്തിനായി സോറന്‍ ഗവര്‍ണറെ കണ്ടു. ഗവര്‍ണര്‍ക്ക് അദ്ദേഹം രാജി സമര്‍പ്പിച്ചു.ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ഇനി കാവല്‍ മുഖ്യമന്ത്രിയായി തുടരും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നതായി ഹേമന്ത് സോറന്‍ അറിയിച്ചു. ആര്‍ജെഡിക്കും മന്ത്രിപദത്തില്‍ ഇടം നല്‍കുമെന്നും സൂചനയുണ്ട്.
ജാര്‍ഖണ്ഡില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിന്റെ പ്രാഥമിക ചര്‍ച്ചകളിലേക്ക് കടന്നു. മുഖ്യമന്ത്രി സ്ഥാനത്ത് ഹേമന്ത് സോറന്‍ തുടരും.മന്ത്രി പദത്തില്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും സ്ഥാനം നല്‍കും.സിപിഐഎംഎല്‍ മന്ത്രി സ്ഥാനം ആവിശ്യപ്പെടാനും നീക്കം ഉണ്ട്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് സ്വീകരിക്കുമെന്ന് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാജേഷ് താക്കൂര്‍ പ്രതികരിച്ചു.കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ നീരിക്ഷകരായ താരീഖ് അന്‍വര്‍, മല്ലു ഭട്ടി വിക്രമാര്‍ക, കൃഷ്ണ അല്ലാവൂരു എന്നിവര്‍ സംസ്ഥാനത്ത് തുടരുന്നു.ഭിന്നതകള്‍ ഇല്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഇന്ത്യ മുന്നണി ഒരുങ്ങുന്നത്. അതിനിടെ സംസ്ഥാനത്ത് NDA യ്ക്ക് നേരിടേണ്ടി വന്ന പരാജയം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഗോത്രവര്‍ഗ്ഗ മേഖലയില്‍ പാര്‍ട്ടിക്ക് മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രാദേശിക വികാരം ജെഎംഎമ്മിന്നൊപ്പം നിന്നുവെന്നുമാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍.