കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ധനുഷും നയന്‍താരയുമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ആരാധകര്‍ക്കിടയില്‍ എന്നപോലെ സിനിമാലോകത്തും ഇരുഭാഗങ്ങളെ പിന്തുണച്ചും അഭിപ്രായപ്രകടനങ്ങള്‍ നടക്കുന്നുണ്ട്. വക്കീല്‍ നോട്ടീസും അതിനെത്തുടര്‍ന്നുണ്ടായ തുറന്നകത്തും ധനുഷും നയന്‍താരയും തമ്മിലുള്ള ഈഗോ ക്ലാഷിന്റെ ഭാഗമാണെന്നും ചിലര്‍ വിശ്വസിക്കുന്നു.
ധനുഷിന്റെ പ്രതികാര ബുദ്ധിയെ കടന്നാക്രമിച്ച് കൊണ്ടാണ് നയന്‍താരയുടെ ആരോപണങ്ങള്‍. പിന്നാലെ ധനുഷിന്റെ ആരാധകര്‍ നയന്‍താരക്കെതിരെ രംഗത്ത് വന്നു. ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്ന് വാദിക്കുന്ന ഇവര്‍ നയന്‍താര സിനിമകളില്‍ അഭിനയിക്കുമ്പോള്‍ വെക്കുന്ന കടുത്ത നിബന്ധനകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ നടിക്കൊപ്പം പ്രവര്‍ത്തിച്ച നിര്‍മാതാക്കള്‍ ആരും ഇങ്ങനെയൊരു പരാതി പരസ്യമായി ഉന്നയിച്ചിട്ടില്ല. സെറ്റില്‍ കടുത്ത നിബന്ധനകള്‍ ധനുഷിനുമുണ്ട്. തമിഴകത്തെ നിരവധി നിര്‍മാതാക്കള്‍ നടനെതിരെ പരാതിയും ഉന്നയിച്ചിട്ടുണ്ട്. അടുത്തിടെയാണ് തമിഴകത്തെ നിര്‍മാതാക്കളുടെ സംഘടന നടനെ വിലക്കുകയാണെന്ന് പ്രഖ്യാപിച്ചത്. കുറച്ച് നാളുകള്‍ക്ക് ശേഷം ഈ വിലക്ക് നീക്കി.
സിനിമകള്‍ക്ക് കോടികള്‍ അഡ്വാന്‍സ് വാങ്ങിയിട്ട് ഏറെക്കാലമായിട്ടും ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്നായിരുന്നു പരാതി. മലയാള ചിത്രം കമ്മത്ത് ആന്റ് കമ്മത്തില്‍ ധനുഷ് അതിഥി വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് നടന്‍ കാണിച്ച കാര്‍ക്കശ്യമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ഒരിക്കല്‍ ഇതേക്കുറിച്ച് സഫാരി ടിവിയില്‍ സംസാരിച്ചത്.
ധനുഷിനെ ഈ സിനിമയിലേക്ക് കൊണ്ട് വരാന്‍ വിജയ് യേശുദാസുമായി സംസാരിച്ചു. അവര്‍ നല്ല സുഹൃത്തുക്കളാണ്. ശരിക്കും ധനുഷ് ഈ സിനിമയില്‍ മൂന്ന് ദിവസമേ അഭിനയിച്ചിട്ടുള്ളൂ. ആദ്യം തന്നെ അദ്ദേഹം ഒരു ദോശക്കട ഉദ്ഘാടനം ചെയ്യുന്ന സീനിലാണ് അഭിനയിച്ചത്. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുന്നില്‍ വെച്ചാണ് ആ സീന്‍ എടുത്തത്. പിന്നെ അദ്ദേഹത്തിന്റെ വലിയ ഗാന രംഗമെടുത്തു. തിരുവന്തപുരം കഴക്കൂട്ടത്തുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. ഡാന്‍സര്‍മാരും മറ്റുമുള്ള ഭയങ്കര ചെലവുള്ള പാട്ടാണ്.
ധനുഷ് വന്നു. ഡാന്‍സ് കളിക്കണമെന്ന് പറഞ്ഞപ്പോള്‍ ധനുഷ് സമ്മതിച്ചില്ല. രണ്ടാമത് എഴുതി ചേര്‍ത്തതാണ് ഈ പാട്ട്. പുള്ളിയോട് ആദ്യം സംസാരിച്ചപ്പോള്‍ ഇതൊന്നും പറഞ്ഞില്ലായിരുന്നു. അതുകൊണ്ട് തന്നെ പുള്ളി വലിയ ഡാന്‍സൊന്നും ചെയ്തില്ല. രണ്ട് മൂന്ന് ചെറിയ സ്റ്റെപ്പുകളേ പാട്ടില്‍ ചെയ്തിട്ടുള്ളൂയെന്നും ബാദുഷ അന്ന് പറഞ്ഞു.
2013 ലാണ് കമ്മത്ത് ആന്റ് കമ്മത്ത് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും ദിലീപും ഒരുമിച്ചെത്തിയ സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. റിമ കല്ലിങ്കല്‍, കാര്‍ത്തിക നായര്‍ എന്നിവരായിരുന്നു നായികമാര്‍. തമിഴ് സിനിമകളുടെ തിരക്കിലാണ് ധനുഷിപ്പോള്‍. നയന്‍താരയുടെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ധനുഷിന് സമയമില്ലെന്നാണ് നടന്റെ പിതാവ് കസ്തൂരി രാജ കഴിഞ്ഞ ദിവസം പറഞ്ഞത്. ആദ്യമായാണ് ധനുഷിനെതിരെ മുന്‍നിര നായിക നടി ഇത്ര വലിയ ആരോപണം ഉന്നയിക്കുന്നത്. ശ്രുതി ഹാസന്‍, പാര്‍വതി തിരുവോത്ത്, നസ്രിയ നസീ, അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി എന്നീ നടിമാര്‍ നയന്‍താരയുടെ പോസ്റ്റിന് ലൈക് ചെയ്തിട്ടുണ്ട്. ഇവരെല്ലാം ധനുഷിനൊപ്പം അഭിനയിച്ചവരാണ്.
നയന്‍താരയും വിഘ്നേഷ് ശിവനും അഭ്യര്‍ഥിച്ചപ്പോള്‍ത്തന്നെ ധനുഷ്, ‘നാനും റൗഡി താന്‍’ ചിത്രത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ എതിര്‍പ്പില്ലാ രേഖ നല്‍കണമായിരുന്നുവെന്ന് തമിഴിലെ പ്രശസ്ത നിര്‍മാതാവ് ജെ. സതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മൂന്നുസെക്കന്‍ഡ് മാത്രമുള്ള ഒരു ദൃശ്യമാണ്, ഇത് വലിയ കാര്യമൊന്നുമല്ല. ധനുഷും നയന്‍താരയും തമ്മിലുള്ള ഈഗോ ക്ലാഷാണ് ഇതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
മറ്റ് നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പില്ലാ രേഖ നല്‍കാമെങ്കില്‍ ധനുഷിന് എന്തുകൊണ്ട് പറ്റില്ലെന്നും സതീഷ് കുമാര്‍ ചോദിച്ചു.