പോക്സോ കേസില്‍ ഭരണിക്കാവ് പള്ളിക്കല്‍ നടുവിലെ മുറിയില്‍ കൊടുവരയ്യത്ത് തെക്കതില്‍ ലക്ഷംവീട് കോളനിയില്‍ പി. പ്രവീണിനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് റെയില്‍വേ ഗര്‍ഡറുകള്‍ക്കു മുകളില്‍ക്കിടന്ന് ഉറങ്ങുകയായിരുന്ന ഇയാളെ ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
നവംബര്‍ എട്ടിന് വൈകീട്ട് നൂറനാട് ഇടക്കുന്നത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മഴയത്ത് സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ഥിനിയെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചുവന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ബലമായി പിടിച്ച് ആളൊഴിഞ്ഞ വീട്ടിലേക്കു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുവഴി സ്‌കൂട്ടറിലെത്തിയ ഹരിതകര്‍മസേനാംഗങ്ങളായ മഞ്ജുവും ഷാലിയും ബഹളംവെച്ചതുകൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവീണിനുപിന്നാലെ ഇവര്‍ പിന്തുടര്‍ന്നെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. തുടർന്ന് സ്‌കൂട്ടറിന്റെ ഇനവും രജിസ്ട്രേഷന്‍ നമ്പരിലെ അവസാനത്തെ രണ്ടക്കവും നിറവും ഹരിതകര്‍മസേനാംഗങ്ങള്‍ പോലീസിനു നല്‍കിയിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്‌കൂട്ടര്‍ ഒക്ടോബര്‍ 30-ന് ചാലക്കുടിയിലെ വീടിനുമുന്നില്‍നിന്നു മോഷ്ടിച്ചതാണെന്നു പ്രതി വെളിപ്പെടുത്തി.
സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കായംകുളം, കുറത്തികാട്, നൂറനാട്, അമ്പലപ്പുഴ, മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ കഞ്ചാവുവിപണനം, മോഷണം, കവര്‍ച്ച, അബ്കാരി ഇടപാടുകള്‍ തുടങ്ങി പതിനഞ്ചോളം കേസുകള്‍ ഇയാള്‍ക്കെതിരേ പോലീസും എക്സൈസും രജിസ്റ്റര്‍ചെയ്തിട്ടുള്ളതായും കണ്ടെത്തി. ഒരു പെട്രോള്‍ പമ്പില്‍നിന്നും കടയില്‍ നിന്നും പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചു.
ഹരിതകര്‍മസേനാംഗങ്ങളായ മഞ്ജുവും ഷാലിയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. സബ് ഇന്‍സ്പെക്ടര്‍ എസ്. നിതീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്. ശരത്ത്, ആര്‍. രജീഷ്, കെ. കലേഷ്, മനു പ്രസന്നന്‍, പി മനുകുമാര്‍, വി. ജയേഷ്, ബി. ഷമീര്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര കോടതി പ്രതിയെ റിമാന്‍ഡുചെയ്തു.
STORY HIGHLIGHT: pocso case accused arrested