Food

പാൽപായസം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ ! അടിപൊളി രുചിയിൽ പെട്ടെന്ന് തയ്യാറാക്കാം

പായസങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. അതിനി പാൽപായസം ആണെങ്കിൽ പറയുകയേ വേണ്ട, ഒറ്റ ഇരിപ്പിന് മുഴുവൻ കുടിച്ചുതിർക്കുന്ന അത്ര പായസക്കൊതിയുള്ളവർ നിരവധിയാണ്. അപ്പോൾ രുചികരമായ ഒരു പാൽപായസം വ്യത്യസ്ത രീതിയിൽ പെട്ടെന്ന് തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ
അരി
ചൊവ്വരി
പാൽ
പട്ട
ഗ്രാംപൂ
പഞ്ചസാര
നെയ്യ്
അണ്ടിപ്പരിപ്പ്
ഉണക്ക മുന്തിരി
ഏലയ്ക്കാ പൊടി

തയ്യാറാക്കേണ്ട രീതി

250 ഗ്രാം നേരിയ ചെറിയ അരി കഴുകി എടുക്കുക. അടിക്കട്ടിയുള്ള പാത്രത്തിൽ അര ലിറ്റർ വെള്ളമൊഴിച്ച് അതിലേക്ക് ഒരു ലിറ്റർ കട്ടിയുള്ള പശുവിൻ പാൽ ചേർത്തിളക്കുക. തിളച്ചു വരുമ്പോൾ കഴുകി വെച്ച അരി വെള്ളം വാർത്തുകളഞ്ഞ് ചേർക്കുക. നന്നായി ഇളക്കി കൊടുത്ത ശേഷം അടച്ചു വെച്ച് വേവിക്കാം. ഇടക്കിടക്ക് തുറന്ന് ഇളക്കാൻ മറക്കരുത്. അരി വെന്തു വരുമ്പോൾ ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെള്ളം ഊറ്റിയെടുത്ത ചൊവ്വരി കൂടി ചേർക്കാം. ഇത് ഇളക്കി യോജിപ്പിക്കണം. ഒരു കഷണം പട്ട, രണ്ട് ഗ്രാംപൂ എന്നിവയും ഇതിലേക്ക് ചേർക്കാം. എല്ലാം കൂടെ രണ്ടു മിനിറ്റ് തിളക്കണം. 250 ഗ്രാം പഞ്ചസാര ചേർത്തിളക്കി മൂന്ന് മിനിറ്റ് നന്നായി തിളപ്പിക്കണം. മധുരം അരിയിൽ നന്നായി പിടിച്ചു വരണം. പായസം അല്പം കൂടി കട്ടി കുറഞ്ഞ് കിട്ടാനായി ഒരു കപ്പ്‌ തിളച്ച വെള്ളം ചേർക്കാം. മധുരം ആവശ്യമെങ്കിൽ100 ഗ്രാം പഞ്ചസാര കൂടി ചേർത്ത് ഒരു മിനിറ്റ് കൂടെ നന്നായി തിളപ്പിച്ച് മാറ്റിവെക്കാം. ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ച് ഒരു പിടി അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറത്തെടുക്കുക. ഇത് കൂടി പായസത്തിലേക്ക് ചേർക്കാം. അൽപം ഏലയ്ക്കാ പൊടി കൂടി ചേർത്താൽ പായസം റെഡി.