ചരിത്രത്തിൽ ഏറ്റവുമധികം പഠനം നടന്നിട്ടുള്ള മനുഷ്യവിഭാഗമാണു നിയാണ്ടർത്താലുകൾ. ഇവരുടെ ഒരുപാടു ഫോസിലുകൾ പലയിടങ്ങളിൽ നിന്നായി ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുണ്ട്. യൂറോപ്പ് മുതൽ മധ്യേഷ്യ വരെയുള്ള ഭൂഭാഗത്തായിരുന്നു ഇവരുടെ അധിവാസമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ജർമനിയിലെ നിയാണ്ടർ നദീ താഴ്‌വാരത്തു നിന്നാണ് ആദ്യമായി ഇവരുടെ ഫോസിലുകൾ കിട്ടിയത്. ഇങ്ങനെയാണു നിയാണ്ടർത്താൽ എന്ന പേര് ഈ മനുഷ്യവിഭാഗത്തിനു ലഭിച്ചത്. തീരെ ബുദ്ധിയില്ലാത്ത, ആൾക്കുരങ്ങുകളെപ്പോലെ പെരുമാറുന്ന മനുഷ്യവംശമെന്നാണ് പലരും നിയാണ്ടർത്താലുകളെ കരുതിയിരിക്കുന്നത്. എന്നാൽ കടലിൽ മത്സ്യബന്ധനം നടത്താനും കക്കകളെയും ഞണ്ടുകളെയും പോലുള്ള കട്ടിപ്പുറന്തോടുള്ള ജീവികളെ കൊന്നുഭക്ഷിക്കാനും അറിയാവുന്ന അവർ മനുഷ്യരെപ്പോലെ തന്നെ ബുദ്ധിയുള്ളവരായിരിക്കാം എന്നു ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിൽ ആദ്യമായി തീ കൊളുത്തിയത് ഈ മനുഷ്യവംശമാണെന്നും ഗവേഷണമുണ്ട്.
നിയാണ്ടർത്താലുകളുടെ ഭൂമിയിലെ അവസാന തട്ടകം ജിബ്രാൾട്ടറിലെ വാൻഗാഡ് എന്ന ഗുഹയായിരുന്നു. മെഡിറ്ററേനിയൻ കടലിലുള്ള സ്പെയിനിനു സമീപം സ്ഥിതി ചെയ്യുന്ന ബ്രിട്ടിഷ് നിയന്ത്രിതമേഖലയാണ് ജിബ്രാൾട്ടർ. പ്രശസ്തമായ ജിബ്രാൾട്ടർ പാറയിലെ നാലു ഗുഹകളിൽ ഒന്നാണു വാൻഗാഡ്. 40000 വർഷങ്ങളായി ഈ അറ അടഞ്ഞുകിടക്കുകയായിരുന്നു.നിയാണ്ടർത്താലുകൾ കൂട്ടമായി ജീവിച്ചിരുന്ന ആദിമ ഇടമാണു ജിബ്രാൾട്ടറെന്നു ശാസ്ത്രജ്ഞർക്കു നേരത്തെ അറിയാവുന്ന കാര്യമാണ്. വാൻഗാഡ് കൂടാതെയുള്ള ബെന്നറ്റ് കേവ്, ഗോർഹാം കേവ്, ഹയേന കേവ് എന്നീ മൂന്നു ഗുഹകളിലും നിയാണ്ടർത്താലുകളുടെ അവശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. കടലിൽ നിന്ന് ഇവർ പിടിച്ച മത്സ്യങ്ങളുടെയും ഞണ്ടുകളുടെയും കക്കകളുടെയും അവശിഷ്ടങ്ങൾ, പക്ഷിത്തൂവലുകൾ, ഗുഹാചിത്രങ്ങൾ എന്നിവയൊക്കെ ഇവിടങ്ങളിൽ നിന്നു കിട്ടിയിരുന്നു.
എന്നാൽ വാൻഗാഡ് ഗുഹയിൽ ഇത്തരം പരിശോധനകളൊന്നും അധികം നടന്നിട്ടുണ്ടായിരുന്നില്ല. ഇടയ്ക്ക് ജിബ്രാൾട്ടർ നാഷനൽ മ്യൂസിയത്തിലെ ഗവേഷകർ ഈ ഗുഹയിലേക്ക് ശ്രദ്ധപതിപ്പിച്ചു തുടങ്ങി. ജിബ്രാൾട്ടർ മ്യൂസിയത്തിന്റെ ചീഫ് സയന്റിസ്റ്റായ ക്ലൈവ് ഫിൻലെസണും സംഘവും 13 മീറ്റർ ആഴമുള്ള ഒരു അറ ഗുഹയുടെ പുറകിൽ കണ്ടെത്തുകയായിരുന്നു. 40000 വർഷങ്ങൾക്കു മുൻപ് നടന്ന ഒരു ഭൂകമ്പത്തിലാണ് ഈ ഗുഹയറ മണ്ണിടിഞ്ഞ് അടഞ്ഞത്.സ്പെയിനുമായി തൊട്ടുരുമ്മി സ്ഥിതി ചെയ്യുകയാണെങ്കിലും ബ്രിട്ടന്റെ വിദേശ പ്രവിശ്യയാണു ജിബ്രാൾട്ടർ. വെറും 7 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ മേഖലയിൽ 30000 ആളുകൾ താമസിക്കുന്നു. ഇംഗ്ലിഷാണ് ഔദ്യോഗിക ഭാഷ. സ്പാനിഷ്, ലാനിറ്റോ എന്ന തദ്ദേശീയ ഭാഷ എന്നിവയും ഉപയോഗത്തിലുണ്ട്.
STORY HIGHLLIGHTS: neanderthal-secrets-vanguard-cave