തിരുവന്തപുരത്തു നിന്ന് 14 കിലോമീറ്റര്‍ മാത്രമാണ് ശാസ്താംപാറയിലേക്കുള്ള ദൂരം. ഉയരം കൂടിയ പാറക്കെട്ടുകളും ചെറു കുന്നുകളും നിറഞ്ഞ വിളപ്പില്‍ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണ് ശാസ്താംപാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ പരിപാലിക്കുന്ന ശാസ്താംപാറയില്‍ പടികയറിയെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ഷെല്‍ട്ടറുകളും വിവരങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസും സജ്ജമാക്കിയിട്ടുണ്ട്. പാറയുടെ മുകളിലേക്കുള്ള വഴിയില്‍ ഇടയ്ക്കിടയ്ക്ക് കോണ്‍ ക്രീറ്റില്‍ തീര്‍ത്ത ഇരിപ്പിടങ്ങളുണ്ട്. മൂന്നു തട്ടുകളിലായി ക്രമീകരിച്ചിരിക്കുന്ന പടികള്‍ കയറി പാറയുടെ മുകളിലെത്തിയാല്‍ അവിടെ മിനുസമുള്ള തറയോട് പാകിയ മണ്ഡപം കാണാം. വൈകുന്നേരങ്ങളില്‍ പാറയുടെ മുകള്‍ത്തട്ടിനെ തഴുകിയെത്തുന്ന ഇളം കാറ്റ് കൊള്ളാന്‍ ഈ മണ്ഡപം ഇടമൊരുക്കും.
വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന സഞ്ചാരികളെ പുളകം കൊള്ളിക്കുന്ന കാഴ്ചയാണ് സമുദ്രവുമായി അതിര്‍ത്തി പങ്കിടുന്ന പച്ച പുതച്ച നഗരത്തിന്റെ മനോഹര ദൃശ്യം. അനന്തപുരിയുടെ ഈ മനോഹാരിത വിമാനത്തില്‍ കയറാതെയും ആസ്വദിക്കാന്‍ ഒരവസരം നല്‍കുകയാണ് തിരുവനന്തപുരം നഗരത്തിന്റെ മേല്‍ക്കൂര എന്ന വിളിപ്പേരിനു എന്ത് കൊണ്ടും അര്‍ഹമായ ശാസ്താംപാറ. ശാസ്താംപാറയുടെ മുകളില്‍ നിന്നും നോക്കിയാല്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ദൃശ്യമാകും.നഗര പരിധിയിലെനിരവധി നിലകളുള്ള ഫ്‌ലാറ്റുകള്‍ കുഞ്ഞു കളിപ്പാട്ടങ്ങള്‍ പോലെ ഇവിടെ നിന്ന് നോക്കിയാല്‍ തോന്നും.
നഗരത്തിന്റെ പടിഞ്ഞാറേ അതിരൊരുക്കി നീണ്ടു നിവര്‍ന്നു കിടക്കുന്ന ശംഘുമുഖം ബീച്ചിന്റെ ഭംഗിയും കേര നിരകള്‍ക്കിടയിലേക്ക് തിരകള്‍ പതഞ്ഞു കയറുന്ന കോവളത്തിന്റെ മനോഹാരിതയും ഇവിടെ നിന്നും ദൃശ്യമാകും. നല്ലൊരു ബൈനോക്കുലര്‍ കൂടി കയ്യില്‍ കരുതിയാല്‍ ഈ ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവോടെ ആസ്വദിക്കാം. നഗരത്തെ എത്ര മാത്രം മൊബൈല്‍ ടവറുകള്‍ ഗ്രസിച്ചിരിക്കുന്നു എന്ന സത്യം ഇവിടെ നില്‍ക്കുമ്പോള്‍ വ്യക്തമായി നോക്കിക്കാണാം. ചെമ്പന്‍ നിറമുള്ള നീളന്‍ പുല്‍ച്ചെടികളെത്തഴുകി വേണം പാറയുടെ മുകളിലെത്താന്‍. പാറപ്പരപ്പിന് മുകളിലെ ഒരു വശത്തായി കുട്ടികള്‍ക്ക് കളിക്കാന്‍ ഒരു ചെറുപാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്.
വൈകുന്നേരമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. തലയ്ക്കു തൊട്ടു മുകളിലെത്തുന്ന നനുത്ത മേഘങ്ങളുടെ പഞ്ഞിക്കെട്ടുകളും നഗ്‌ന നേത്രങ്ങള്‍ കൊണ്ട് വ്യക്തമായി അടുത്ത് കാണാന്‍ കഴിയുന്ന രീതിയില്‍ ആര്‍ത്തിരമ്പി പോകുന്ന വിമാനവുമൊക്കെ ആരെയും കുളിരണിയിക്കുന്ന കാഴ്ചയാണ്. വൈകിട്ട് മൂന്നു മണിയോടെയെത്തിയാല്‍ ഈ കാഴ്ചയെല്ലാം കണ്ട് കന്യാകുമാരിയിലേതിനു സമാനമായ അസ്തമനവും കണ്ട ശേഷം മനം നിറഞ്ഞ് മടങ്ങാം. പാറയുടെ മുകള്‍ത്തട്ടില്‍ കടുത്ത വേനലിലും വറ്റാത്ത ജലശ്രോതസ്സുകളും മുകള്‍പ്പരപ്പിലും അടിവാരത്തും ഇപ്പോള്‍ വീഴും എന്ന തോന്നലുളവാക്കുന്ന ചെറു ചരിവോടെ കുത്തനെ നില്‍ക്കുന്ന കൂറ്റന്‍ പാറകളും സന്ദര്‍ശകരെ അത്ഭുതപ്പെടുത്തും.
വിളപ്പില്‍ പഞ്ചായത്തിലെ കുരുവിലാഞ്ചി വാര്‍ഡിലുള്ള 14 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ശാസ്താംപാറയുടെ മുകളിലായി പ്രാചീന കാലത്ത് സ്ഥാപിച്ചതെന്ന് കരുതുന്ന ഒരു ശാസ്താ ക്ഷേത്രവുമുണ്ട്. നഗരത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയൊരുക്കുന്ന പൊന്മുടി, അഗസ്ത്യാര്‍കൂട മലനിരകളും ഇവിടെ നിന്നും കാണാം. അതോടൊപ്പം നെയ്യാര്‍ ഡാമിന്റെ വിദൂരദൃശ്യവും ശാസ്താംപാറ കാട്ടിത്തരും. തിരുവനന്തപുരം നഗരത്തിനു തൊട്ടടുത്തുള്ള ഈ പ്രദേശം ബന്ധപ്പെട്ടവര്‍ കുറച്ചു കൂടി ശ്രദ്ധ വച്ചാല്‍ കേരളാ ടൂറിസം മാപ്പില്‍ ‘തിരുവനന്തപുരം നഗരത്തിന്റെ മേല്‍ക്കൂര’ എന്ന പേരില്‍ തന്നെ ശ്രദ്ധനേടുന്ന കാലം വിദൂരമല്ല.