Kerala

എങ്ങനെയാണ് തീവ്രവാദ വിഭാഗങ്ങളെ അംഗീകരിക്കാൻ കഴിയുന്നത് ? തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ പിന്തുണ ലഭിച്ചു – chief minister pinarayi vijayan

ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് സൗത്ത് ഏരിയ കമ്മിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

‘ജമാഅത്തെ ഇസ്‍ലാമിയെയും എസ്ഡിപിഐയെയും വലിയ രീതിയിൽ സഹകരിപ്പിക്കാൻ ലീഗ് തയാറായിരുന്നില്ല. ഇപ്പോഴാണ് തയാറായത്. പാണക്കാട് തങ്ങൾക്കെതിരെയുള്ള വിമർശനമല്ല, രാഷ്ട്രീയ നിലപാടിനെതിരെയുള്ള വിമർശനമാണ് നടത്തിയത്. അദ്ദേഹം ലീഗിന്റെ പ്രസിഡന്റാണ്. സ്വാഭാവികമായും ലീഗ് എടുക്കുന്ന രാഷ്ട്രീയ നിലപാടിന്റെ പ്രധാന ഉത്തരവാദിത്തം അദ്ദേഹത്തിനാണ് വരുന്നത്. മുസ്‌‍ലിം ബഹുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന വ്യത്യസ്തമായ മതസംഘടനകളുണ്ട്. അവരാരും ഈ പറയുന്ന ജമാഅത്തെ ഇസ്‍ലാമിയെയും എസ്ഡിപിഐയെയും അംഗീകരിക്കുന്നില്ല. എൽഡിഎഫിനെ പരാജയപ്പെടുത്താൻ അവരുടെ വോട്ടുവേണം എന്ന ചിന്തയിലാണ് സിപിഎമ്മിന്റെ എതിരാളികൾ അവരുമായി സഹകരിക്കുന്നത്. എങ്ങനെയാണ് ഇത്തരം തീവ്രവാദ വിഭാഗങ്ങളെ അംഗീകരിക്കാൻ കഴിയുന്നത്.’ മുഖ്യമന്ത്രി ചോദിച്ചു.

ചേലക്കരയിൽ വിജയിച്ചാൽ രാഷ്ട്രീയ വിജയം ഉണ്ടാകുമെന്ന് കോൺഗ്രസ് കരുതി. സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് അവർ പ്രചരിപ്പിച്ചു. എൽഡിഎഫിനെ പരാജയപ്പെടുത്താമെന്ന് കണക്കുകൂട്ടി എല്ലാ വിഭാഗത്തെയും അണിനിരത്തിയെങ്കിലും ഞങ്ങൾ വിജയിച്ചു. ജനങ്ങൾ എൽഡിഎഫിനൊപ്പം ഭദ്രമായി അണിനിരന്നു. എൽഡിഎഫിന് ഒരു കോട്ടവും സംഭവിച്ചില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും പാലക്കാടും കാസര്‍കോടും എല്‍.ഡി.എഫ്. മൂന്നാംസ്ഥാനത്തായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് എൽഡിഎഫ് വോട്ട് വിഹിതം കുറഞ്ഞില്ല. ചേലക്കരയിൽ യുഡിഎഫ് വോട്ട് കുറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ എൽഡിഎഫിന് നല്ല രീതിയിൽ അവിടെ വോട്ട് കൂടി. വയനാട് നേരത്തെ രാഹുല്‍ ഗാന്ധി ജയിച്ചുവന്ന മണ്ഡലമാണ്. ഇപ്പോള്‍ പ്രിയങ്കാ ഗാന്ധിക്കും അവിടെ വിജയം നേടാന്‍ കഴിഞ്ഞു. എല്‍.ഡി.എഫിന് ഏതെങ്കിലും തരത്തില്‍ ക്ഷീണമുണ്ടാക്കുന്ന ഒരു കര്യവും സംഭവിച്ചില്ലെന്ന് മാത്രമല്ല ബി.ജെ.പിക്ക് വലിയ തകര്‍ച്ചയുണ്ടായി. എല്‍.ഡി.എഫിന് കൂടുതല്‍ വോട്ട് നേടി ചേലക്കരയില്‍ വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞു. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

STORY HIGHLIGHT: chief minister pinarayi vijayan