Food

വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് കിണ്ണത്തപ്പം. കിണ്ണത്തിൽ ഉണ്ടാക്കുന്നതുകൊണ്ടും അതേ ആകൃതിയിൽ ഇരിക്കുന്നതുകൊണ്ടുമാണ് ഇതിന് കിണ്ണത്തപ്പം എന്ന പേര് വന്നത്. കേരളത്തിന്റെ വിവിധ ഇടങ്ങളിലും പല രീതിയിലാണ് കിണ്ണത്തപ്പം ഉണ്ടാക്കാറുള്ളത്. സാധാരണ​​ഗതിയിൽ അരിപ്പൊടി, പഞ്ചസാര എന്നിവ തന്നെയാണ് കിണ്ണത്തപ്പം ഉണ്ടാക്കാനായി ഉപയോ​ഗിക്കുന്നത്. വായിലിട്ടാൽ അലിഞ്ഞുപോകുന്ന രീതിയിൽ കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ഒരു റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

അരിപ്പൊടി
തേങ്ങാപ്പാൽ
പഞ്ചസാര
ഉപ്പ്
ഏലക്കാ പൊടി

തയ്യാറാക്കുന്ന രീതി

ആദ്യമായി മിക്‌സിയുടെ ജാറിലേക്ക് വറുത്ത അരിപ്പൊടി ചേർത്ത് ഇതിലേക്ക് ഒന്നര കപ്പ് തേങ്ങാപ്പാൽ, അരകപ്പ് പഞ്ചസാര, ടേസ്റ്റ് ബാലൻസ് ചെയ്യാൻ വേണ്ടി ഒരു നുള്ള് ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ ഏലക്കാ പൊടിയും ചേർത്ത് നന്നായി അടിച്ചെടുക്കാം. ഇങ്ങനെ തയാറാക്കിയ മാവ് തയ്യാറാകാനായി അരമണിക്കൂർ അടച്ച് മാറ്റിവെക്കാം. അരമണിക്കൂറിന് ശേഷം കാൽ ടീസ്പൂൺ ചെറിയ ജീരകം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഇത് ഒരു അടി പരന്ന പാത്രത്തിൽ ഒഴിച്ച് ഇഡലിത്തട്ടിൽ വെച്ച് ആവിയിൽ വേവിച്ചു എടുക്കാം.