Travel

മഞ്ഞ് പുതച്ച വാ​ഗമണ്ണിലേക്ക് ഒരു യാത്ര പോയാലോ

ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിര്‍ത്തിയിലായി പശ്ചിമഘട്ടമലനിരകളുടെ തുടര്‍ച്ചയായി മീനച്ചില്‍ താലൂക്കിലേക്ക് വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് വാഗമണ്‍ പ്രദേശം. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിലാണ് വാഗമണ്ണിന്റെ സ്ഥാനം. മഞ്ഞിൽ കുളിച്ച് കിടക്കുന്ന ഒരു മനോഹര സ്ഥലം അതാണ് വാ​ഗമൺ. മഞ്ഞുകാലമായാൽ വാഗമണ്ണിന്‍റെ രൂപവും ഭാവവും ആകെ മാറും. പെട്ടന്ന് വരുന്ന വൈകുന്നേരങ്ങൾ, ഇരുട്ട്, കോടമഞ്ഞ്, തണുപ്പ് തുടങ്ങി അങ്ങനെ സഞ്ചാരികളെ ആകർഷിക്കാൻ വേണ്ട എല്ലാം ഇവിടെയുണ്ട്. സാഹസിക നടത്തം, പാരാഗ്ലൈഡിംഗ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്കു പറ്റിയ സ്ഥലമാണ് വാഗമണ്‍. കോടയിറങ്ങുന്ന പുല്‍മേടുകള്‍, ചെറിയ തേയിലത്തോട്ടങ്ങള്‍, അരുവികള്‍, പൈൻമരക്കാടുകള്‍ എന്നിങ്ങനെ പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്താൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലെ മികച്ച പത്തു വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട് വാഗമണ്‍. നവംബർ മുതൽ ആരംഭിക്കുന്ന വാ​ഗമണിന്റെ മാസ്മരിക ഭം​ഗി തണുപ്പ് കാലത്ത് തന്നെ നേരിൽ കണ്ട് ആസ്വദിക്കുന്നതാണ് മനോഹരം. കൂട്ടുകാർക്കൊപ്പം ആയാലും കുടുംബത്തിനൊപ്പം ആയാലും തിരക്കുകളിൽ നിന്ന് മാറി മനസിന് കുളിർമ നൽകാൻ കഴിയുന്ന ഒരിടം തന്നെയാണ് വാ​ഗമൺ. തങ്ങള്‍മല, കുരിശുമല, മുരുകന്‍ മല എന്നിങ്ങനെ മൂന്നു പ്രധാന മലകള്‍ വാഗമണ്ണിന്റെ അടയാളങ്ങളാണ്. മൊട്ടക്കുന്നുകളും പൈൻ കാടും തടാകവും എല്ലാം ചേർന്ന് ഒരു ഫുള്‍ പാക്കേജാണ് വാഗമൺ.

മുൻപ് വാഗമൺ യാത്രകളിൽ റോഡ് ഒരു പ്രധാനപ്രശ്നം ആയിരുന്നു. എന്നാൽ കഥയാകെ മാറി. വാഗമൺ, കുട്ടിക്കാനം ഭാഗങ്ങളിലേക്കുള്ള യാത്ര നല്ലൊരു റോഡ് ട്രിപ് അനുഭവം തന്നെയാണ് സമ്മാനിക്കുക. തൊടുപുഴയിൽ നിന്നും 36 കിലോമീറ്ററും പാലായിൽ നിന്നും 37 കിലോമീറ്ററും കുമിളിയിൽ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും കാഞ്ഞിരപള്ളിയിൽ നിന്നും 40 കിലോമീറ്ററും അകലെയാണ് വാഗമൺ. നെടുമ്പാശ്ശേരിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കോട്ടയമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ.