മണിക്കൂറുകളോളമാണ് നമ്മള്‍ ഇരുന്ന് ജോലി ചെയ്യുന്നത്. എഴുന്നേല്‍ക്കാതെ 8 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്താല്‍ അത് നിങ്ങളുടെ ആയുസ്സ് കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കൂടുതല്‍ സമയം ഒരിടത്തു തന്നെ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമായേക്കാമെന്ന് പഠനം. കൂടാതെ ഉദാസീനമായ ജീവിതശൈലി ഹൃദയാരോഗ്യം ഉള്‍പ്പെടെ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും ബാധിച്ചേക്കാം. ഇത് ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള അപകടസാധ്യതയും ഏറെ വര്‍ധിപ്പിക്കും.
കൂടുതല്‍ സമയം ഇരിക്കുന്നതിനാല്‍ ശരീരത്തിന് അധ്വാനമില്ലാതെ വരുന്നു. ഇത് ശരീരത്തില്‍ കലോറി വര്‍ദ്ധിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകും. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കലോറി വളരെ കുറച്ച് മാത്രമേ എരിയുന്നുള്ളൂ. എഴുന്നേറ്റു നില്‍ക്കാനും സ്ട്രെച്ച് ചെയ്യാനുമായി പതിവായി ഇടവേളകള്‍ എടുക്കുക. നടത്തം, ജോഗിംഗ് പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക.
എല്ലാ ആഴ്ചയും 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഒരു പരിധി വരെ ഹൃദയാഘാതവും ഹൃദയ സംബന്ധമായ മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുമെന്നും പഠനം കണ്ടെത്തി. യുകെ ബയോ ബാങ്കില്‍ നിന്ന് ശരാശരി 62 വയസുള്ള 90,000 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഈ പഠനം നടത്തിയത്. എട്ട് വര്‍ഷം നീണ്ട പഠനത്തില്‍ പങ്കെടുത്തവരില്‍ അഞ്ച് ശതമാനം ആളുകളില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ (ഹൃദയത്തിന്റെ മുകള്‍ അറകളില്‍ ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍) വികസിച്ചതായി കണ്ടെത്തി. 2.1 ശതമാനം ആളുകള്‍ക്ക് ഹൃദയസ്തംഭനം സംഭവിച്ചു. രണ്ട് ശതമാനം ആളുകളില്‍ ഹൃദയാഘാതം ഉണ്ടായി. ഒരു ശതമാനത്തില്‍ താഴെ ഹൃദയസംബന്ധമായ കാരണങ്ങളാലുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഉദാസീനമായ ജീവിതശൈലി ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. കൂടാതെ ഇരിപ്പിനിടെ ഇന്‍ട്രാ ആക്ടിവിറ്റി ബ്രേക്കുകള്‍ അല്ലെങ്കില്‍ വ്യായാമ സമയം നീട്ടേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാണിക്കുന്നു. ദീര്‍ഘനേരമുള്ള ഇരിപ്പ് ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്‍പ് പഠനങ്ങള്‍ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്.
നിവര്‍ന്ന് നില്‍ക്കുമ്പോഴും നടക്കുമ്പോഴും പേശികളുടെ ആരോഗ്യം മെച്ചപ്പെടും എന്നാല്‍ ഇരിക്കുമ്പോള്‍ ഇവ അയയുന്നു ദീര്‍ഘനേരം ഇരിക്കുന്നത് മെറ്റബോളിസം കുറയ്ക്കുകയും പേശികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൂടാതെ കൊഴുപ്പ് വര്‍ധിക്കാനും കാരണമാകുന്നു.
ഇരുന്ന് ജോലി ചെയ്യുന്നവര്‍ ചിലപ്പോള്‍ ജോലിയില്‍ മുഴുകി പലതും മറന്നുപോയേക്കാം. അതിനാല്‍ സ്മാര്‍ട്ട് വാച്ചിലോ, ഫോണിലോ മറ്റോ ഒരു റിമൈന്‍ഡര്‍ സെറ്റ് ചെയ്യുക. ആ റിമൈന്‍ഡറിന് അനുസരിച്ച് എഴുന്നേല്‍ക്കാനും നടക്കാനും സ്ട്രെച്ച് ചെയ്യാനും ശീലിക്കുക. കുറച്ച് മിനിറ്റ് നടക്കുന്നത് നിങ്ങള്‍ക്ക് കാര്യമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കും.