ആലപ്പുഴ: കേരളം ലഹരിവിമുക്തമാകണമെങ്കിൽ മദ്യപാനികൾക്ക് പെർമിറ്റ് സംവിധാനം ആരംഭിച്ച് പടിപടിയായി അളവ് കുറച്ച് അഞ്ചു വർഷംകൊണ്ട് മദ്യനിരോധനം നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് മദ്യ വിമോചന മഹാ സഖ്യത്തിന്റെ സംസ്ഥാന ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ക്യാമ്പ് രക്ഷാധികാരി സി ഐ അബ്ദുൾ ജബ്ബാർ ആലുവ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ചാരുംമൂട് വെച്ച് രണ്ടുദിവസമായി നടന്നുവന്ന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. സർക്കാരിന്റെ വരുമാനത്തിന് പെട്ടെന്ന് കോട്ടം തട്ടാതിരിക്കുവാനും വ്യാജമദ്യ ഭീഷണി ഇല്ലാതാക്കുവാനും പുതിയ മദ്യപാനികൾ ഉണ്ടാവാതിരിക്കുവാനും ഇത് ഉപകരിക്കുമെന്ന് ക്യാമ്പ് കണ്ടെത്തി.
വിവിധ വിഷയങ്ങളിൽ എട്ടു ക്ലാസ്സുകൾ ഉണ്ടായിരുന്നു. ക്ലാസ്സുകൾക്ക് എ ഷഹനാസ്, എൻ കുമാര ദാസ്, ബേബി കണ്ണംപടത്തി എന്നിവർ നേത്രത്വം നല്കി. ചാരുംമൂട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജി ഹരിപ്രകാശ്, ഗാന്ധിദർശൻവേദി ജില്ലാ പ്രസിഡന്റ് സജി തെക്കേത്തലക്കൽ, മുൻ വെൺമണി പഞ്ചായത്ത് പ്രസിഡന്റ് കെ ലെജുകുമാർ, മഹിളാ കോണ്ഗ്രസ് ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി അനിത സജി അഡ്വ മുത്താര രാജ്, നൂറനാട് ബ്ലോക് കോൺഗ്രസ് വൈസ്പ്രസിഡന്റ് അബ്ദുൾ ജബ്ബാർ, രാജേഷ് രാഘവൻ, ജോസ്മി ജോസ് എന്നിവർ പ്രസംഗിച്ചു.
Content highlight: liquor ban by giving permits to alcoholics