കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ അധികം വൈകാതെ അന്‍റാർട്ടിക്ക അപ്രത്യക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഗവേഷകർ. ഓസ്ട്രേലിയയിൽ നടന്ന ഓസ്ട്രേലിയൻ അന്‍റാർട്ടിക് റിസർച്ച് കോൺഫറൻസിലാണ് ഇക്കാര്യം ചർച്ചയായത്. ആഗോളതലത്തിൽ കടൽ കയറുന്നത് ഗൗരവകരമാണെന്ന് ഗവേഷകർ പറയുന്നു. കഴിഞ്ഞ വർഷം മാത്രം 0.3 ഇഞ്ചോളമാണ് കടൽ കയറിയതെന്ന് 500 ധ്രുവ ഗവേഷകർ ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ 10.5 സെന്‍റീമീറ്ററോളമാണ് കടൽ കയറിയിരിക്കുന്നത്. ഇതിന്‍റെ പ്രധാന കാരണം അന്‍റാർട്ടിക്കയിൽ അതിവേഗതയിൽ മഞ്ഞുരുകുന്നതാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
കിഴക്കൻ അന്‍റാർട്ടിക്കയിലെ മഞ്ഞുപാളികളാണ് അപകടകരമായ തരത്തിൽ അലിയുന്നത്. അവ പൂർണമായും അലിഞ്ഞാൽ 50 മീറ്ററോളം ഉയരത്തിൽ കടൽ കയറുമെന്നാണ് നിഗമനം. ആഗോളതലത്തിൽ തീരമേഖലയിൽ ജീവിക്കുന്നവരെ ഈ പ്രശ്നം ബാധിക്കും. അടുത്തിടെയുണ്ടായ പഠനങ്ങളിലാണ് അന്‍റാർട്ടിക്കയുടെ അപകടകരമായ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ശക്തമായ ഉഷ്ണതരംഗങ്ങൾ മൂലം താപ നില 40 ഡിഗ്രീ സെൽഷ്യസ് വരെ ഉയരുന്നതിനാൽ കടലിലെ മഞ്ഞുപാളികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഇതു വളരെ ദ്രുതഗതിയിലും അപ്രതീക്ഷിതമായ രീതിയിലുമാണ് നടക്കുന്നതെന്നും പഠനത്തിൽ പറയുന്നു. നിലവിൽ ഓരോ വർഷവും 150 ബില്യൺ ഐസാണ് ഇവിടെ ഉരുകി ഇല്ലാതാകുന്നത്. കഴിഞ്ഞ 30 വർഷങ്ങൾക്കിടെ ഐസ് ഉരുകുന്നതിന്‍റെ തോത് ഇരട്ടിയായി വർധിച്ചിട്ടുണ്ട്. അന്‍റാർട്ടികയുടെ ഭാവിയെന്നാൽ ഭൂമിയുടെ ഭാവി തന്നെയാണ്. കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കാണാത്ത പക്ഷം ലോകം മുഴുവൻ അതിന്‍റെ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.
STORY HIGHLLIGHTS: antarctica-to-disappear-soon