Automobile

ഹൈബ്രിഡ് മോഡലുകളുടെ വസന്തം തീര്‍ക്കാനൊരുങ്ങി മാരുതി സുസുക്കി

ഹൈബ്രിഡ് കാറുകളുമായി ഇന്ത്യന്‍ കാര്‍ വിപണിയിലേക്ക് മാരുതി സുസുക്കി എത്തുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കാവുന്ന ആറ് സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളെങ്കിലും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. ഇതില്‍ മാരുതി സുസുക്കിയും മറ്റു കമ്പനികളും വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് സംവിധാനങ്ങളുണ്ട്. നിരവധി സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാരുതി സുസുക്കി അവതരിപ്പിക്കാനൊരുങ്ങുന്ന പ്രധാന ഹൈബ്രിഡ് കാറുകളെ പരിചയപ്പെടാം.

സുസുക്കിയുടെ രാജ്യാന്തര വിപണിയിലെ എംപിവിയാണ് സ്പാസിയ. എര്‍ട്ടിഗയേക്കാള്‍ വലിപ്പം കുറഞ്ഞ ബോക്‌സി ഡിസൈനിലുള്ള സ്പാസിയയെ അടിസ്ഥാനമാക്കി ഒരു സ്‌ട്രോങ് ഹൈബ്രിഡ് വാഹനം ഇന്ത്യയില്‍ എത്താനും സാധ്യതയുണ്ട്. സീരീസ് ഹൈബ്രിഡ് പവര്‍ട്രെയിനായിരിക്കും YDB എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഈ എംപിവിക്ക് നല്‍കുക. 2026ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ എംപിവിയുടെ 30,000 യൂണിറ്റുകള്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

മിഡ് സൈസ് എസ് യു വി ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ വകഭേദത്തിനാണ് മാരുതി സുസുക്കി ഹൈബ്രിഡ് കരുത്തു കൂടി നല്‍കുന്നത്. Y17 എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് അടുത്ത വര്‍ഷം വിപണിയിലെത്തും. ആദ്യഘട്ടത്തില്‍ മൈല്‍ഡ് ഹൈബ്രിഡും പിന്നീട് സ്‌ട്രോങ് ഹൈബ്രിഡുമായിരിക്കും എത്തുകയെന്നാണ് സൂചന.

2025ല്‍ പുറത്തിറങ്ങുന്ന ഫേസ്‌ലിഫ്റ്റ് ഫ്രോങ്‌സിലാണ് മാരുതി ഹൈബ്രിഡ് പവര്‍ട്രെയിന്‍ കൂടി ഉള്‍പ്പെടുത്തുന്നത്. മാരുതി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് സിസ്റ്റവുമായി പുറത്തിറങ്ങുന്ന ആദ്യ മോഡലായിരിക്കും ഫ്രോങ്‌സ്. ഇന്‍വിക്‌റ്റോയിലും ഗ്രാന്‍ഡ് വിറ്റാരയിലുമെല്ലാം ടൊയൊട്ട വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് സംവിധാനമാണ് മാരുതി സുസുക്കി ഉപയോഗിക്കുക.

വാഗണ്‍ ആറില്‍ ഹൈബ്രിഡും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 666 സിസി 3 സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമായിരിക്കും ഹൈബ്രിഡ് വാഗണ്‍ ആറിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന്‍ 53 ബിഎച്ച്പി കരുത്തും പരമാവധി 58എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ മോട്ടോര്‍ 10ബിഎച്ച്പി കരുത്തും പരമാവധി 29.5എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

ഫ്രോങ്ക്‌സിന് സമാനമായ ഹൈബ്രിഡ് സെറ്റ്അപ്പുമായാണ് പുതുതലമുറ ബലേനോയും എത്തുക. YTA എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന ബലേനോ ഫേസ് ലിഫ്റ്റ് 2026ലായിരിക്കും പുറത്തിറങ്ങുക. ബലേനോ ഹൈബ്രിഡിന്റെ 60,000 യൂണിറ്റ് വില്‍പനയാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. അകത്തും പുറത്തും മാറ്റങ്ങളോടെയാവും ഫേസ് ലിഫ്റ്റ് ബലേനോ ഹൈബ്രിഡ് എത്തുക.