Kerala

പാലക്കാട് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രക്ഷാധികാരിയായത് സതീശന്‍: മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ രക്ഷാധികാരിയായത് വി.ഡി.സതീശനെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന പ്രസ്താവനയാണ് ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. ബിജെപിക്ക് ഓക്സിജൻ നൽകുകയായിരുന്നു പ്രതിപക്ഷ നേതാവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ബിജെപിയുടെ സംസ്ഥാന നേതാക്കന്‍മാര്‍ക്ക് പോലുമില്ലാത്ത ആത്മവിശ്വാസം ബിജെപി പ്രവര്‍ത്തകര്‍ക്ക് അവിടെ നല്‍കിയത് പ്രതിപക്ഷ നേതാവാണ്. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാല്‍ ഞങ്ങളന്നേ പറഞ്ഞു എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന്. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കേവലം ആയിരത്തി ചില്വാനം വോട്ടാണ് ഞങ്ങള്‍ക്ക് ബിജെപിയെക്കാള്‍ കുറവുണ്ടായിരുന്നത്. ബിജെപിയുമായിട്ടാണ് യുഡിഎഫിന്‍റെ മത്സരമെന്ന പ്രതിപക്ഷ നേതാവിന്‍റെയും കോണ്‍ഗ്രസ് നേതാക്കന്‍മാരുടെയും തുടര്‍ച്ചയായ നിലപാടാണ് ബിജെപിക്ക് നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരുപാട് വോട്ട് പാലക്കാട് ബിജെപിക്ക് വരാന്‍ ഇടയായത്. അല്ലെങ്കില്‍ ഇതിലും ദയനീയമായിരിക്കും ബിജെപിയുടെ സ്ഥിതി.

മൂന്നാം സ്ഥാനത്താകുമെന്ന് മാത്രമല്ല ബിജെപി ഒരു മുപ്പതിനായിരം വോട്ട് പോലും പിടിക്കാത്ത പാര്‍ട്ടിയായി പാലക്കാട് മാറുമായിരുന്നു. ബിജെപിയെ കൈ പിടിച്ച് സഹായിച്ച് രക്ഷപ്പെടുത്തിയത് കേരളത്തിന്‍റെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസുമാണ്. ഇത് ഞങ്ങള്‍ നേരത്തെ പറഞ്ഞ കാര്യമാണ്. അക്കാര്യങ്ങളാണ് ഇപ്പോള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും റിയാസ് പറഞ്ഞു.