Celebrities

ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെലില്‍ ആവേശമായി മാര്‍ടൈര്‍

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെലിന്റെ (ഐ.ഐ.എം.എഫ്) മൂന്നാം പതിപ്പില്‍ വേറിട്ട അവതരണം കൊണ്ട് ആസ്വാദകരെ ആവേശത്തിലാഴ്ത്തി നെതര്‍ലാന്‍ഡ്‌സ് ഹെവി മെറ്റല്‍ ബാന്‍ഡ് മാര്‍ടൈര്‍. ഊര്‍ജ്ജസ്വലമായ തത്സമയ ആലാപനവും വേദി നിറഞ്ഞാടുന്ന പ്രകടനവും കൊണ്ടാണ് മാര്‍ടൈര്‍ ആരാധകരെ കൈയിലെടുത്തത്. യൂറോപ്യന്‍ സംഗീത ലോകത്തെ ജനപ്രിയ ധാരകളും പുത്തന്‍ പ്രവണതകളും അറിയാനും മാര്‍ടൈറിന്റെ അവതരണം ആസ്വാദകര്‍ക്ക് അവസരമൊരുക്കി.

കോവളം വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്ന ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെലിലെ വിദേശ ബാന്‍ഡുകളുടെ അവതരണത്തിലാണ് മാര്‍ടൈര്‍ വേറിട്ട സാന്നിധ്യമായത്. വേദിയിലെ വൈദ്യുതപ്രസരണം കണക്കെയുള്ള പ്രകടനതീവ്രത അതേ ഊര്‍ജ്ജത്തില്‍ കാണികളിലേക്കും പ്രവഹിപ്പിക്കാനാകുന്നതാണ് മാര്‍ടൈറിന്റെ അവതരണ രീതിയുടെ സവിശേഷത. മെറ്റല്‍, റോക്ക് സംഗീത പ്രേമികളുടെ അഭിരുചികളെ ആഘോഷത്തിലാക്കുന്ന പ്രകടനവുമായാണ് മാര്‍ടൈര്‍ വേദി കീഴടക്കിയത്. കലാകാരന്‍മാരുടെ തത്സമയ പ്രകടനവും കാണികളുടെ നിറഞ്ഞ പങ്കാളിത്തവും പ്രോത്സാഹനവും അവതരണത്തെ ആവേശം നിറഞ്ഞതാക്കി മാറ്റി.

2022 ല്‍ മെറ്റല്‍ഫാന്‍ എന്‍എല്‍ ആല്‍ബം ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്ത പുതിയ ആല്‍ബത്തിലെയും ‘ഫോര്‍ ദി യൂണിവേഴ്‌സ്’ എന്ന ക്ലാസിക് ആല്‍ബത്തിലെയും ട്രാക്കുകള്‍ മാര്‍ടൈര്‍ ആരാധകര്‍ക്കു വേണ്ടി പാടി. മാര്‍ടൈറിന്റെ ആദ്യ ആല്‍ബമാണ് ‘ഫോര്‍ ദി യൂണിവേഴ്‌സ്’. 1982 ല്‍ ആരംഭിച്ച മാര്‍ടൈറിന്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണ് ഐഐഎംഎഫിലെ വേദിയെന്ന പ്രത്യേകതയുമുണ്ട്. ഡച്ച് ഹെവി മെറ്റല്‍ ചരിത്രത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ഉന്നത ബഹുമതിയായ ‘ഡച്ച് സ്റ്റീല്‍’ നല്‍കി 2014 ല്‍ മാര്‍ടൈറിനെ ആദരിച്ചു. യൂറോപ്പിലും പുറത്തും നിരവധി ആരാധകരുള്ള മാര്‍ടൈര്‍ ഫെസ്റ്റിവെലുകളിലും ക്ലബ്ബ് ഷോകളിലുമായി പതിറ്റാണ്ടുകളായി മാര്‍ടൈര്‍ പര്യടനം തുടരുന്നു.

മൂന്ന് ദിവസങ്ങളിലായി ആറ് രാജ്യങ്ങളില്‍ നിന്ന് 17 മ്യൂസിക്ക് ബാന്‍ഡുകളാണ് ഐ.ഐ.എം.എഫിന്റെ വേദിയില്‍ സംഗീതത്തിര തീര്‍ത്തത്. ആദ്യ രണ്ട് പതിപ്പുകളിലെയും പോലെ ജനപങ്കാളിത്തവും മുന്‍നിര ബാന്‍ഡുകളുടെ സാന്നിധ്യവും സംഘാടനമികവും കൊണ്ട് ഐ.ഐ.എം.എഫ് മൂന്നാം പതിപ്പും ശ്രദ്ധേയമായി.