Kerala

വയനാട് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി കെവി തോമസ്

വയനാട് ദുരന്തബാധിതര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പുനല്‍കിയതായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ധനമന്ത്രിക്ക് ലഭിച്ചതായും കൂടുതല്‍ സാങ്കേതിക തടസം ഉണ്ടാകില്ലെന്നും കെവി തോമസ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കേന്ദ്രസംഘത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും റിപ്പോര്‍ട്ട് കിട്ടിയതായി നിര്‍മല സീതാരാമന്‍ പറഞ്ഞിട്ടുണ്ട്. സമയബന്ധിതമായി തീരുമാനമെടുക്കും. വൈകില്ലെന്നാണ് അറിയിച്ചത്. ധനമന്ത്രിയുടെ പ്രതികാരണം ആശാവഹമാണ്’- കെവി തോമസ് പറഞ്ഞു.

വയനാട് ദുരന്തത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കെവി തോമസിന്റെ പ്രതികരണം. പ്രധാനമന്ത്രി തിരിച്ചെത്തിയതിനു ശേഷം വയനാട് പാക്കേജ് സംബന്ധിച്ച് തീരുമാനം എടുക്കാമെന്ന് ധനമന്ത്രി ഇക്കഴിഞ്ഞ 19-ന് കൊച്ചിയില്‍ വെച്ച് അറിയിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ വയനാട്ടില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി, കൃഷി മന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും ഇതുവരെ വന്നിട്ടില്ല