തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവായ യമണ്ടു ഓര്‍സി തെരഞ്ഞെടുക്കപ്പെട്ടു. മധ്യ-വലത് ഭരണസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അല്‍വാരോ ഡെല്‍ഗാഡോയെ ആണ് ഇടതു സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ അല്‍വാരോ ഡെല്‍ഗാഡോ പരാജയം സമ്മതിച്ച് രംഗത്തെത്തി. ചരിത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള 57കാരനായ ഓര്‍സി രണ്ട് പ്രാവശ്യം ബ്രോഡ് ഫ്രണ്ട് സഖ്യത്തിന്റെ മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും രാജ്യം ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നുവെന്ന് വിജയം ആഘോഷിക്കുന്ന പ്രവര്‍ത്തകരോട് ഓര്‍സി പറഞ്ഞു.
വിജയിയെ അഭിനന്ദിച്ചുകൊണ്ട് അല്‍വാരോയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. 2005 മുതല്‍ 2020 വരെയുള്ള 15 വര്‍ഷ കാലയളവില്‍ തുടര്‍ച്ചയായി അധികാര സ്ഥാനത്ത് തുടരാന്നത് ഇടതുപക്ഷമാണ്. 2019ല്‍ ലൂയിസ് ലക്കാല്‍ പോയുടെ നേതൃത്വത്തിലുള്ള വിശാല മുന്നണിയാണ് ഇടതു സഖ്യത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്. അഞ്ച് വര്‍ഷത്തെ ഇടവേളയക്ക് ശേഷമാണ് ഉറുഗ്വേയില്‍ ഇടതു സഖ്യം ഭരണം തിരിച്ചു പിടിക്കുന്നത്. 2025 മാര്‍ച്ച് ഒന്നിനാണ് ഓര്‍സി ഉറുഗ്വേയുടെ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുക.