UAE

ദേശീയ ദിനമാഘോഷിക്കാൻ എമിറേറ്റ്; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായില്‍ സ്വകാര്യ സ്കൂളുകള്‍, നഴ്സറികള്‍, യൂണിവേഴ്സിറ്റികൾ ഉള്‍പ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ലഭിക്കുക.

ഡിസംബര്‍ നാല് ബുധനാഴ്ചയാകും അവധിക്ക് ശേഷം ക്ലാസുകള്‍ പുനരാരംഭിക്കുകയെന്ന് ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി അറിയിച്ചു. 1971 ഡിസംബര്‍ രണ്ടിനാണ് ഏഴ് എമിറേറ്റുകള്‍ ഏകീകരിച്ച് യുഎഇ എന്ന രാജ്യം രൂപീകരിച്ചത്. രാജ്യത്തിന്‍റെ 53-ാമത് ദേശീയ ദിനമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. ഈ​ദു​ൽ ഇ​ത്തി​ഹാ​ദ്​ എന്ന പേരിലാണ് ഇത്തവണ ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുക.

യുഎഇയില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ദേശീയ ദിന അവധി പ്രഖ്യാപിച്ചിരുന്നു. ആകെ നാല് ദിവസമാണ് അവധി ലഭിക്കുക. ഡിസംബര്‍ 2,3 തീയതികളിലാണ് പൊതു അവധി. ശമ്പളത്തോട് കൂടിയ അവധിയാണ് ഇത്. അവധി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായര്‍ കൂടി കണക്കിലെടുക്കുമ്പോള്‍ തുടര്‍ച്ചയായി നാല് ദിവസമാണ് സ്വകാര്യ മേഖലയ്ക്ക് അവധി ലഭിക്കുക.