Saudi Arabia

ഭക്ഷ്യമാവ് കയറ്റുമതിക്ക് അനുമതി നൽകി സൗദി

രാജ്യത്തെ മില്ലിംഗ് കമ്പനികൾക്ക് ഭക്ഷ്യമാവ് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി സൗദി അറേബ്യ. രാജ്യത്ത് ആവശ്യമായ മാവുകളുടെ ലഭ്യത ഉറപ്പാക്കിയ ശേഷമാണ് നടപടി. ഇതാദ്യമായാണ് സൗദി അറേബ്യ ഭക്ഷ്യമാവുകൾ കയറ്റുമതി ചെയ്യാനൊരുങ്ങുന്നത്.

സൗദി ഭക്ഷ്യ സുരക്ഷ ജനറൽ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അനുമതി രാജ്യത്തെ മില്ലിംഗ് കമ്പനികൾക്ക് നൽകിയത്. അംഗീകൃത ലൈസൻസുള്ള മാവ് മില്ലിംഗ് കമ്പനികളെ ആഗോള വിപണികളിലേക്ക് മാവ് കയറ്റുമതി ചെയ്യാൻ അനുവദിച്ചതായി അതോറിറ്റി ചെയർമാൻ അഹമ്മദ് അൽഫാരിസ് പറഞ്ഞു. വിഷൻ 2030 ലക്ഷ്യങ്ങളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് ദേശീയ വ്യവസായങ്ങളെ പിന്തുണയ്ക്കുകയും ഉൽപ്പന്നങ്ങളുടെ ഉയർന്ന നിലവാരത്തെ അടിസ്ഥാനമാക്കി മത്സരത്തിനുള്ള അവസരങ്ങൾ തുറക്കുകയും ചെയ്യുന്നതിൻറെ ഭാഗമാണ് അനുമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം ആവശ്യപ്പെടുന്ന ഗോതമ്പിന്റെയും ഉപ ഉപത്പന്നങ്ങളുടെയും അളവ് ഉറപ്പാക്കിയ ശേഷമായിരിക്കും മില്ലുകൾക്ക് കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിക്കുക. രാജ്യം ഭക്ഷ്യ ഉൽപാദനത്തിൽ കൈവരിച്ച് നേട്ടങ്ങളുടെ ഫലം കൂടിയാണ് പുതിയ പ്രഖ്യാപനം. ഭക്ഷ്യ ഉത്പാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് 1980 കളിലും 1990 കളിലും നടപ്പാക്കിയ ആഭ്യന്തര ഗോതമ്പ് ഉൽപ്പാദനം വിപുലീകരിക്കാൻ ഇതിനകം സൗദിക്ക് കഴിഞ്ഞിട്ടുണ്ട്. സൗദിക്ക് പുറത്ത് ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൃഷിയിറക്കിയാണ് ഭക്ഷ്യ ലഭ്യത ഉറപ്പാക്കിയത്.