ചപ്പാത്തിക്ക് ഒപ്പവും അപ്പത്തിന് ഒപ്പവും എല്ലാം കഴിക്കാനായി രുചികരമായ ഒരു വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
കാരറ്റ്
ബീൻസ്
ഉരുളക്കിഴങ്ങ്
കറുവപ്പട്ട
ഗ്രാമ്പൂ
ഏലയ്ക്ക
ഇഞ്ചി
വെളുത്തുള്ളി
സവാള
തയ്യാറാക്കേണ്ട രീതി
ഒരു വലിയ കാരറ്റ് ചെറിയ ക്യൂബ്സ് ആയി മുറിച്ചു വയ്ക്കുക. ഒപ്പം പതിനഞ്ചു ബീൻസ് ചെറുതായി നീളത്തിൽ മുറിച്ചെടുക്കണം. രണ്ട് മീഡിയം സൈസ് ഉരുളക്കിഴങ്ങ് പുഴുങ്ങിയിട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ചു വയ്ക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി എടുത്താൽ സ്റ്റൂ നന്നായി കുറുകി കിട്ടും. ഇത്രയും തയ്യാറാക്കി വച്ചതിനുശേഷം ഒരു പാനിൽ ഒരു ചെറിയ കഷണം കറുവപ്പട്ട മൂന്ന് ഗ്രാമ്പൂ നാല് ഏലയ്ക്ക എന്നിവ ചേർക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. ശേഷം ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളകും ചേർത്ത് വഴറ്റാം. സവാള ചെറുതായിട്ടൊന്ന് നിറം മാറിയശേഷം അരിഞ്ഞുവച്ചിരിക്കുന്ന കാരറ്റും ബീൻസും ചേർക്കാം. ഇതിലേക്ക് രണ്ട് കപ്പ് കട്ടികുറഞ്ഞ തേങ്ങയുടെ രണ്ടാംപാൽ ചേർക്കാം. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ഉപ്പും ചേർക്കാം. എന്നിട്ട് ഇതൊന്ന് അടച്ചുവെച്ച് വേവിക്കുക. പച്ചക്കറികൾ കുറച്ചു വേവുമ്പോൾ പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം. പച്ചക്കറികൾ വെന്ത് കഴിഞ്ഞ് ഇതിലേക്ക് കുറച്ച് ഗരംമസാല വേണമെങ്കിൽ ചേർക്കാം. ഇതിലേക്ക് അരക്കപ്പ് ഒന്നാംപാൽ ചേർക്കാം. ഒന്നാം പാൽ ഒഴിച്ച് കഴിഞ്ഞാൽ പിന്നെ തിളയ്ക്കാൻ പാടില്ല.