ആദ്യം തന്നെ ആവശ്യമായ ബീഫ് എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ അളവിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളക് ചതച്ചത്, ഗരം മസാല, ഉപ്പ് എന്നിവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വറുത്തരയ്ക്കാൻ ആവശ്യമായ തേങ്ങ പെരിഞ്ചീരകം ചെറിയ ഉള്ളി കറിവേപ്പില എന്നിവ ഇട്ട് നല്ല രീതിയിൽ മൂപ്പിച്ച് എടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് ആറാനായി മാറ്റിവയ്ക്കാം. ആ സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മസാലക്കൂട്ടുകൾ തയ്യാറാക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം ചെറിയ ഉള്ളി ഒരുപിടി അളവിലും സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞതും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം ആവശ്യത്തിന് ജിഞ്ചർ ഗാർലിക് പേസ്റ്റ് പച്ചമുളക് കറിവേപ്പില എന്നിവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ല രീതിയിൽ വഴണ്ട് വന്നു കഴിഞ്ഞാൽ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ വഴറ്റുക. ശേഷം വേവിച്ചു വെച്ച ബീഫ് കൂടി ആ ഒരു കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. നേരത്തെ തയ്യാറാക്കി വച്ച തേങ്ങ മിക്സിയുടെ ജാറിൽ അരച്ചെടുത്ത് അതുകൂടി കറിയിലേക്ക് ചേർത്തു കൊടുക്കണം. ഈയൊരു സമയത്ത് ഒരു തക്കാളി ചെറുതായി അരിഞ്ഞെടുത്തതും അല്പം കൂടി കറിവേപ്പിലയും കറിയിലേക്ക് ചേർത്തു കൊടുക്കാം. ആവശ്യമെങ്കിൽ അല്പം വിനാഗിരി കൂടി കറിയിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം കറി ആവശ്യനുസരണം കുറുക്കിയെടുത്ത ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.