നമ്മുടെ ഭൂമിയുടെ കറക്കത്തെ പോലും സ്വാധീനിക്കാൻ മനുഷ്യർക്ക് സാധിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ… എന്നാൽ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടുണ്ട്. ചൈനയിൽ നിർമിച്ച ഒരു അണക്കെട്ട് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതകുറച്ച് ദിവസങ്ങളുടെ ദൈർഘ്യം പോലും വർധിപ്പിക്കുന്നുണ്ട്. ത്രീ ഗോർജസ് ഡാം എന്ന അണക്കെട്ടാണ് ഇതിനുപിന്നിൽ. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ യാങ്ട്സെ നദിയിലാണ് ത്രീ ഗോർജസ് അണക്കെട്ട് നിർമിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം നിയന്ത്രിക്കുക എന്നതായിരുന്നു അണക്കെട്ടിന്റെ നിർമ്മാണത്തിന് പിന്നിലെ ഉദ്ദേശം. പതിറ്റാണ്ടുകൾ എടുത്താണ് ഇതിന്റെ നിർമാണം പൂർത്തിയായത്. എന്നാൽ അണക്കെട്ട് നിർമ്മിക്കപ്പെട്ടതോടെ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത 0.06 മൈക്രോ സെക്കൻഡുകൾ കുറഞ്ഞുവെന്ന് നാസ സ്ഥിരീകരിക്കുന്നു.
2335 മീറ്റർ നീളവും 185 മീറ്റർ ഉയരവുമാണ് ഡാമിനുള്ളത്. 10 ട്രില്യൺ ഗാലൺ (40 ക്യുബിക്ക് കിലോമീറ്റർ) വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് അണക്കെട്ടിന്റെ റിസർവോയറിനുള്ളത്. ഈ അധികഭാരം മൂലം ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത മന്ദഗതിയിൽ ആയതോടെയാണ് ദിവസം പൂർത്തിയാകാൻ 0.06 മൈക്രോ സെക്കന്റ് അധികം വേണ്ടിവന്നു തുടങ്ങിയത്. കറങ്ങുന്ന പമ്പരത്തിനു മുകളിൽ അല്പം ഭാരം വച്ചാൽ കറക്കത്തിന്റെ വേഗത കുറയുന്നതിന് സമാനമായ രീതിയിലാണ് അണക്കെട്ട് ഭൂമിക്ക് മേൽ പ്രവർത്തിച്ചത്. അതുകൊണ്ടും തീർന്നില്ല ഭൂമിയുടെ ധ്രുവസ്ഥാനത്തെ ഏകദേശം 2 സെന്റിമീറ്റർ (0.8 ഇഞ്ച്) മാറ്റാനും അങ്ങനെ ഭൂമിയെ ഒന്നുകൂടി ഉരുട്ടിയെടുക്കാനും അണക്കെട്ടിന് സാധിച്ചിട്ടുണ്ട്.
പ്രകൃതി ദുരന്തങ്ങൾ, ചന്ദ്രന്റെ സ്വാധീനം എന്നിവ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതയിൽ പ്രതിഫലിക്കാറുണ്ട്. അതിനാൽ അണക്കെട്ട് മൂലം വേഗത കുറഞ്ഞത് താരതമ്യേന നിസ്സാര കാര്യമാണ്. എന്നാൽ കണക്കുകൾ അത്ര വലുതായി തോന്നില്ലെങ്കിലും ഒരു മനുഷ്യനിർമിത ഘടനയ്ക്ക് ഇത്രത്തോളം ചെയ്യാനായി എന്നതാണ് പ്രധാനം. ഇത്രയും വലിയ സ്വാധീനം ഭൂമിയിൽ ചെലുത്തിയെങ്കിലും അണക്കെട്ട് നിർമിച്ചത് കൊണ്ട് ചില ഗുണങ്ങളും ഉണ്ടായി. ഉദ്ദേശിച്ചത് പോലെ വെള്ളപ്പൊക്കം കാര്യക്ഷമമായി നിയന്ത്രിക്കാൻ സാധിച്ചു എന്നതാണ് അതിൽ പ്രധാനം. വലിയ രീതിയിൽ ജല വൈദ്യുതി ഉൽപാദനവും സാധ്യമായി. എന്നാൽ റിസർവോയറിന്റെ നിർമാണ സമയത്ത് 1.4 ദശലക്ഷം ആളുകളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്. ഇതിനുപുറമേ കൃഷിയിടങ്ങൾ വലിയതോതിൽ നാശമാവുകയും ചെയ്തിരുന്നു. ഡാമിന്റെ നിർമാണം ഈ മേഖലയിലെ ജൈവവൈവിധ്യത്തിനും വലിയ ഭീഷണി ഉയർത്തി. നിരവധി സസ്യങ്ങൾ, പ്രാണികൾ, മത്സ്യങ്ങൾ, മൃഗങ്ങൾ എന്നിവയുടെ നിലനിൽപ്പ് അപകടത്തിലായി. പല സസ്യ ഇനങ്ങളും വംശനാശഭീഷണി നേരിടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്.
STORY HIGHLLIGHTS: three-gorges-dam-earth-rotation