പായൽ കപാഡിയ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.
77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം നവംബർ 22നാണ് റിലീസിനെത്തിയത്. ക്യാൻ ഫെസ്‌റ്റിവലിൽ പുരസ്‌കാരം നേടി ഇന്ത്യയുടെ അഭിമാനമായ ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ ചിത്രത്തിന്റെ മൂല്യത്തെക്കൾ ചർച്ച ചെയ്യുന്നത് ചിത്രത്തിലെ നടി ദിവ്യപ്രഭയുടെ ഇന്‍റിമേറ്റ് രംഗങ്ങളാണ്. പുരസ്‌കാരം നേടിയ സമയത്തും ഫെസ്റ്റിവലിൽ കനി കുസൃതി പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പകുതി മുറിച്ച തണ്ണിമത്തൻ അകൃതിയിൽ ഉള്ള ബാഗുമായി എത്തിയപ്പോഴും എല്ലാം വളരെ കുറച്ചു പേർ മാത്രമാണ് ചിത്രത്തെ അഭിനന്ദിക്കുകയും ചർച്ചചെയ്യുകയും ചെയ്തിട്ടുള്ളൂ. എന്നാൽ ഇപ്പോൾ ചിത്രം ചർച്ചകളിൽ നിറയുന്നു. പക്ഷേ ഈ ചർച്ചകളിൽ പ്രേക്ഷകന്റെ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമല്ല കാണാൻ സാധിക്കുന്നത് എന്ന് മാത്രം.
ദിവ്യ പ്രഭയുടെ അർധനഗ്ന രംഗം ചിത്രത്തിൽ ഉണ്ട്. ഈ രംഗം മാത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. താരത്തിന്റെ ഫോട്ടോ അടക്കം ഉൾപ്പെടുത്തിയാണ് അശ്ലീലചുവയോടെ ഉള്ള പോസ്റ്റുകളും കമന്റുകളും. ചിത്രം മുന്നോട്ടുവയ്ക്കുന്ന കഥ എന്താണെന്ന് പോലും നോക്കാതെ അതിലെ നഗ്നരംഗങ്ങൾ മാത്രം പകർത്തിയിടത്ത് പ്രദർശിപ്പിക്കുന്നവർ കുറച്ചൊന്നുമല്ല സോഷ്യൽ മീഡിയയിൽ ഉള്ളത്.
ഇതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ തന്നെ അഭിമാനമായ കലാസൃഷ്ടിയുടെ മൂല്യം ചർച്ച ചെയ്യൂ എന്ന ഉള്ളടക്കത്തോടെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്.