പലരും ഭക്ഷണത്തിൽ ദിവസേന ഉൾപ്പെടുത്താൻ ഇഷ്ടപ്പെടുന്ന ഒന്നാണ് തൈര്. എന്നാൽ കഫക്കെട്ട്, തുമ്മല്‍ എന്നീ ആരോഗ്യപ്രശ്നങ്ങളാൽ ചിലർക്ക് തൈര് ഇഷ്ടമാണെങ്കിലും കഴിക്കാൻ പറ്റാത്ത അവസ്ഥയും വരും. എന്നാൽ തൈര് ദിവസേന കഴിച്ചാല്‍ നിരവധി ഗുണങ്ങൾ നമുക്ക് ലഭിക്കും. കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തൈരിൽ അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, കാൽസ്യം എന്നിവ അടങ്ങിയതിനാൽ തന്നെ തൈര് എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതാണ്. ഉച്ചഭക്ഷണത്തിൽ തൈരിന്റെ ഉപയോഗം ശരീരഭാരം കുറയ്ക്കാനും ദഹനപ്രക്രിയ നന്നായി നടക്കാനും സഹായിക്കും. തൈരിലെ ഉയർന്ന പ്രോട്ടീൻ നമ്മുടെ വിശപ്പിനെ നിയന്ത്രിച്ചു നിർത്തും. തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയതിനാൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല. കൂടാതെ ദിവസവും തൈര് കഴിക്കുന്നതിലൂടെ പ്രതിരോധശേഷിയും ഉയരും. പ്രമേഹ രോഗികൾക്കും വളരെ ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ് തൈര്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നത് ഇത് നിയന്ത്രിച്ച് നിർത്തുന്നു. വേനല്‍ക്കാലത്ത് തൈര് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അസിഡിറ്റി കുറയ്ക്കുകയും ശരീരത്തിന് കുളിര്‍മ നല്‍കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാൻ തൈര് കഴിക്കേണ്ടത് ഈ രീതികളിലാണ്. തൈരിൽ പഴങ്ങൾ ചേർത്ത് കഴിക്കാം. ആപ്പിൾ, വാഴപ്പഴം, മാമ്പഴം പോലെയുള്ള പഴങ്ങൾ തൈരിൽ ചേർക്കാം. ഇതിൽ നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വിശപ്പ് തടയും. അമിതമായി ഭക്ഷണം കഴിക്കുന്നതിനേയും പ്രതിരോധിക്കും. ജീരകം, മഞ്ഞൾ അല്ലെങ്കിൽ കറുവപ്പട്ട പോലുള്ള സുഗന്ധവ്യഞ്ജനങ്ങളും തൈരിൽ ചേർത്ത് കഴിക്കുന്നത് മെറ്റബോളിസം കൂട്ടാൻ സഹായിക്കും