Sports

ഐപിഎല്‍ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിന് സൗദിയിലെ ജിദ്ദയില്‍ സമാപനം

ഐപിഎല്‍ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിന് സൗദിയിലെ ജിദ്ദയില്‍ സമാപനം. പ്രായഭേദമെന്യേ ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ക്ക് വന്‍ തുക ലഭിച്ചതാണ് രണ്ടാം ദിവസത്തെ താരലേലത്തിലെ ഹൈലൈറ്റ്. ആര്‍സിബി 10.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ച വെറ്ററന്‍ താരം ഭുവനേശ്വര്‍ കുമാറാണ് രണ്ടാം ദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ച താരം. ദീപക് ചാഹര്‍ (9.25 കോടിക്ക് മുംബൈയില്‍), എട്ടു കോടി വീതം ലഭിച്ച ആകാശ്ദീപ് സിങ് (ലക്‌നൗ), മുകേഷ് കുമാര്‍ (ഡല്‍ഹി) എന്നിവരും ശ്രദ്ധ നേടി.

മാര്‍ക്കോ യാന്‍സനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് വാങ്ങി. രാജസ്ഥാന്റെ ശക്തമായ ശ്രമം മറികടന്ന് ക്രുനാല്‍ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെടുത്തു. ഐപിഎലില്‍ മികച്ച റെക്കോര്‍ഡുള്ള നിതീഷ് റാണയെ 4.20 കോടി രൂപയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കി.

കോടികള്‍ ഒഴുക്കി രണ്ടു ദിവസം നീണ്ടുനിന്ന താരലേലത്തില്‍ ഇന്ത്യന്‍ താരം ഋഷഭ് പന്ത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ വിലകൂടിയ താരമായി. എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്ക് ലക്‌നൗ സൂപ്പര്‍ കിങ്‌സാണ് പന്തിനെ സ്വന്തമാക്കിയത്. 25 ലക്ഷം രൂപ മാത്രം കുറവില്‍ ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്‌സും വിളിച്ചെടുത്തു.

23.75 കോടി രൂപ ലഭിച്ച വെങ്കടേഷ് അയ്യരാണ് ലേലത്തില്‍ നേട്ടമുണ്ടാക്കിയ പ്രധാന താരങ്ങളില്‍ ഒരാള്‍. ആദ്യ റൗണ്ടില്‍ പിന്തള്ളപ്പെട്ടു പോയ അജിന്‍ക്യ രഹാനെ (1.5 കോടിക്ക് കൊല്‍ക്കത്തയില്‍), അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ (30 ലക്ഷത്തിന് മുംബൈയില്‍), ദേവ്ദത്ത് പടിക്കല്‍ (2 കോടിക്ക് ആര്‍സിബിയില്‍) എന്നിവരുടെ തിരിച്ചുവരവും ശ്രദ്ധേയമായി.

മലയാളി താരങ്ങളില്‍ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയ വിഷ്ണു വിനോദാണ് കൂടുതല്‍ വില ലഭിച്ച താരം. സച്ചിന്‍ ബേബി (30 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍), വിഘ്‌നേഷ് പുത്തൂര്‍ (30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍) എന്നിവരാണ് ടീമില്‍ ഇടം ലഭിച്ച മറ്റു താരങ്ങള്‍.

ഓള്‍റൗണ്ടര്‍ അബ്ദുല്‍ ബാസിത്, പേസ് ബോളര്‍ സന്ദീപ് വാരിയര്‍, സല്‍മാന്‍ നിസാര്‍ എന്നീ മലയാളി താരങ്ങളുടെ പേരുകളും ലേലത്തിനു വന്നെങ്കിലും ആരും വാങ്ങിയില്ല. 13 വയസ് മാത്രം പ്രായമുള്ള ബിഹാറുകാരന്‍ വൈഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചതും ശ്രദ്ധേയമായി.